ട്രെയിൻ യാത്രയ്ക്കിടെ ഒഡീഷ ദമ്പതികളുടെ കുഞ്ഞിനെ തട്ടിയെടുത്ത യുവാവ് പാലക്കാട് പിടിയിൽ. തമിഴ്നാട് ഡിണ്ടിക്കൽ സ്വദേശി വെട്രിവേലിനെയാണ് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ടൗൺ നോർത്ത് പൊലീസ് പിടികൂടിയത്. ദമ്പതികൾ അറിയാതെ ട്രെയിനിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്തെന്നാണ് യുവാവിന്‍റെ മൊഴി. കുഞ്ഞിനെ കാണാതായതിന് പിന്നാലെ ദമ്പതികൾ തൃശൂർ പൊലീസിൽ പരാതി നൽകിയിരുന്നു. പാലക്കാട് നോർത്ത് സ്‌റ്റേഷനിലെത്തിയ ദമ്പതികൾക്ക് പൊലീസ് കുഞ്ഞിനെ കൈമാറി.
ഒഡീഷയിൽ നിന്നും എറണാകുളത്തെ ജോലി സ്ഥലത്തേക്ക് യാത്ര ചെയ്യുകയായിരുന്നു ദമ്പതികൾ. കുഞ്ഞിനെ അരികിൽ കിടത്തി രാത്രിയിൽ ഉറങ്ങുകയായിരുന്നു. ഉണർന്ന് നോക്കുമ്പോൾ കുഞ്ഞിനെ കാണാനില്ല. കുഞ്ഞിനെ കാണാതായതിന് പിന്നാലെ ദമ്പതികൾ തൃശൂർ പൊലീസിൽ പരാതി നൽകി. ഇതിനിടയിലാണ് വെട്രിവേലിനെ കുഞ്ഞിനൊപ്പം ഒലവക്കോട് സ്‌റ്റേഷനിൽ നിന്നും ടൗൺ നോർത്ത് പൊലീസ് പിടികൂടിയത്. ഒലവക്കോട് സ്‌റ്റേഷനിൽ കുഞ്ഞുമായി ഇറങ്ങിയ യുവാവിനെ സംശയം തോന്നി നാട്ടുകാർ അറിയിച്ചത് പ്രകാരം പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
വിശദമായ ചോദ്യം ചെയ്യലിൽ പാലക്കാട്ടിറങ്ങി ദിണ്ടിഗലിലേക്ക് പോവുകയായിരുന്നു ലക്ഷ്യമെന്ന് യുവാവ് പറഞ്ഞു. കുഞ്ഞിനെ കിട്ടിയ വിവരമറിഞ്ഞ് ഒഡിഷ ദമ്പതികൾ പാലക്കാട് നോർത്ത് സ്റ്റേഷനിലെത്തി. ദമ്പതികൾക്ക് പൊലീസ് കുഞ്ഞിനെ കൈമാറി. മദ്യലഹരിയിൽ സംഭവിച്ചതാണെന്ന യുവാവിന്‍റെ മൊഴിക്കപ്പുറം തട്ടിയെടുക്കലിന് മറ്റ് കാരണങ്ങളുണ്ടോ എന്നതും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.