ലഹരിക്ക് അടിമയാണന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അഭയം തേടി യുവാവ്. മലപ്പുറം താനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയ ചെറുപ്പക്കാരനെ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ലഹരിമുക്ത കേന്ദ്രത്തിലേക്ക് മാറ്റി.
ലഹരി ഉപയോഗത്തില്‍ പശ്ചാത്തപിച്ചും മനംനൊന്തുമാണ് യുവാവ് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ലഹരി തന്നെ കാര്‍ന്നു തിന്നുകയാണ്. കുടുംബത്തില്‍ ഒറ്റപ്പെട്ടു. തന്നെ കൈവിടരുതെന്ന് ആവശ്യപ്പെട്ടാണ് യുവാവ് ഡിവൈഎസ്പിയെ കാണാനെത്തിയത്. താനൂര്‍ പൊലീസ് നടത്തുന്ന ലഹരി ബോധവല്‍ക്കരണ പരിപാടിയുടെ വിവരങ്ങള്‍ കേട്ടറിഞ്ഞാണ് സ്റ്റേഷനില്‍ എത്തിയതെന്നും ചെറുപ്പക്കാരന്‍ പറഞ്ഞു.
ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ താനൂര്‍ പൊലീസ് മുന്‍കയ്യെടുത്തു. ഉടന്‍ തന്നെ ഡീ അഡിഷന്‍ സെന്‍ററില്‍ യുവാവിനെ എത്തിച്ചു. ലഹരിയില്‍ നിന്ന് മോചനം വേണമെന്ന് എന്നാഗ്രഹമുളളവര്‍ സമീപിച്ചാല്‍ പൊലീസ് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് ഡിവൈഎസ്പി അറിയിച്ചു.