വയനാട് കൽപ്പറ്റ പൊലീസ് സ്റ്റേഷൻ ശുചിമുറിയിൽ പതിനേഴുകാരൻ ഗോകുൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ജിഡി ചാർജ്ജുള്ള എഎസ്ഐ ദീപ, സിവിൽ പൊലീസ് ഓഫിസർ ശ്രീജിത് എന്നിവർക്കാണ് സസ്പൻഷൻ. ജാഗ്രതക്കുറവ് ഉണ്ടായതാണ് ഗോകുലിന്‍റെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് കണ്ടെത്തൽ.
പ്രാഥമിക റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഉത്തര മേഖല ഡിഐജിയുടെ നിർദേശാനുസരണമാണ് എഎസ്ഐ ദീപയേയും സിവിൽ പൊലീസ് ഓഫിസർ ശ്രീജിതിനെയും സസ്പെന്‍ഡ് ചെയ്തത്. ഗോകുൽ ശുചിമുറിയിലേക്ക് പോകുമ്പോഴും ഏറെ സമയമായി തിരികെ വരാതിരിന്നിട്ടും പൊലീസുകാർ ഗൗനിച്ചില്ലെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിലയിരുത്തി. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ശേഖരിച്ചു പരിശോധിച്ചിരുന്നു.
സംഭവത്തിൽ സ്റ്റേഷനിലുണ്ടായിരുന്ന ഉദ്യോസ്ഥർക്ക് വീഴ്ച സംഭവിച്ചതായി ജില്ലാ പൊലീസ് മേധാവി ഡിജിപിക്കു നൽകിയ റിപ്പോർട്ടിൽ സൂചിപ്പിച്ചതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ ഒന്നിനാണ് ഗോകുൽ സ്റ്റേഷനിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്തത്. ധരിച്ചിരുന്ന ഷർട്ട് വെച്ച് തൂങ്ങുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കൊപ്പം കോഴിക്കോട്ടേക്ക് പോയ ഗോകുലിനെ പൊലീസ് കണ്ടെത്തി കൽപ്പറ്റ സ്റ്റേഷനിൽ എത്തിച്ചിരുന്നു. പെൺകുട്ടിയെ സഖി കേന്ദ്രത്തിലേക്ക് മാറ്റി. പിന്നാലെ രാവിലെ 8 ന് ഗോകുൽ ജീവനൊടുക്കുകയായിരുന്നു. നിലവിൽ ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ചുവരികയാണ്. അതേ സമയം പ്രായപൂർത്തിയാകാത്ത ഗോകുലിനെ ഒരു രാത്രി മുഴുവൻ സ്റ്റേഷനിൽ നിർത്തിയത് പൊലീസ് വീഴ്ചയെന്ന് ആരോപിച്ചു ആദിവാസി സംഘടനയുടെ പ്രതിഷേധം കടുക്കുകയാണ്.