കണ്ണൂർ പറശ്ശിനിക്കടവിൽ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്ന യുവതി യുവാക്കൾ പിടിയിലായ സംഭവത്തിൽ തളിപ്പറമ്പ് എക്സൈസിനെതിരെ എംഡിഎംഎ കേസിലെ പ്രതി റഫീന. മുറിയിൽ എംഡിഎംഎ കൊണ്ടുവച്ചത് എക്സൈസ് ഉദ്യോഗസ്ഥരാണെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ റഫീന ആരോപിക്കുന്നത്. കൈക്കൂലി വാങ്ങിയാണ് ഉദ്യോഗസ്ഥർ തന്നെ പിടിച്ചതെന്നും സമൂഹത്തില്‍ മോശക്കാരിയാക്കുകയെന്നതാണ് ലക്ഷ്യമെന്നും കേസെടുക്കാതെ വ്യാജ ആരോപണം ഉന്നയിക്കുകയാണെന്നും റഫീന ആരോപിക്കുന്നുണ്ട്.
എന്നാല്‍ റഫീനയുടെ വാദം പൂർണമായും തള്ളിയിരിക്കുകയാണ് എക്സൈസ്. റഫീന ലഹരി ഉപയോഗിച്ചിരുന്നുവെന്നും കേസെടുത്തിട്ടുണ്ടെന്നും കുറഞ്ഞ അളവു മാത്രമായതു കൊണ്ടാണ് റിമാൻഡ് ചെയ്യാതെ ജാമ്യത്തിൽ വിട്ടതെന്നും എക്സൈസ് വിശദീകരിച്ചു. ഇന്നലെയാണ് റഫീന അടക്കം നാലു പേരെ എംഡിഎംയുമായി പിടികൂടിയത്. മട്ടന്നൂർ സ്വദേശി ഷംനാദ്, വളപട്ടണം സ്വദേശി ജെംഷിൽ, കണ്ണൂർ സ്വദേശി ജസീന എന്നിവരാണ് റഫീനക്കൊപ്പം ഉണ്ടായിരുന്നത്. ഇവരുടെ പക്കല്‍ നിന്ന് 490 മില്ലി ഗ്രാം എംഡിഎംഎയും ഇതുപയോഗിക്കാനുള്ള ട്യൂബുകളും ലാമ്പുകളും പിടികൂടിയിരുന്നു. പെരുന്നാള്‍ ദിവസം സുഹൃത്തിന്‍റെ വീട്ടിലേക്കെന്ന് പറഞ്ഞ് വീടുവിട്ട യുവതികള്‍ പലസ്ഥലങ്ങളില്‍ മുറിയെടുത്ത് ലഹരിമരുന്ന് ഉപയോഗിച്ചുവരികയായിരുന്നു.
റഫീനയുടെ വാക്കുകള്‍
എന്‍റെ പേരില്‍ കേസെടുക്കാതെ ചാനലുകളില്‍ വിഡിയോ ഇട്ടിട്ട് കാര്യമില്ല. കൈക്കൂലി വാങ്ങിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ എന്തിനാണ് ജോലി കൊടുക്കുന്നതെന്ന് എനിക്ക് അറിയില്ല. എന്തായാലും എന്‍റെ പേരില്‍ ഒരു കേസുമില്ല. കുറേപേര്‍ കമന്‍റ് ഇട്ടിട്ടുണ്ട് ഞാന്‍ ജയിലാണെന്നൊക്കെ. ഞാന്‍ എന്‍റെ വീട്ടില്‍ തന്നെയാണ് ഉള്ളത്. എന്നെ പൊലീസുകാര് പിടിച്ചിട്ടില്ല. ആ ഫോട്ടോ വന്നത് അവര് കരുതിക്കൂട്ടി ഒറ്റിക്കൊടുത്തിട്ട് വന്നതാണ്. വിഡിയോയും ഫോട്ടോയും വന്നുവെന്ന് കരുതി എനിക്ക് ആരെയും അഭിമുഖികരിക്കാന്‍ ഒരു പേടിയുമില്ല. കാരണം ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രം ഞാന്‍ പേടിക്കേണ്ട കാര്യമുള്ളു. ഞാന്‍ തെറ്റ് ചെയ്യാത്തിടത്തോളം ഒരാളെയും പേടിക്കേണ്ട കാര്യമില്ല.
എന്‍റെ കുടുംബക്കാരും നാട്ടുകാരുമൊക്കെ ആ വീഡിയോ കണ്ടു. എല്ലാവരും ഷെയര്‍ ചെയ്യുന്നുണ്ട്. എന്നെ എംഡിഎംഎയുമായി പിടിച്ചിട്ടുണ്ടെങ്കില്‍ എന്നെ എന്തുകൊണ്ട് 14 ദിവസം റിമാന്‍ഡ് ചെയ്തില്ല, എനിക്കെതിരെ കേസെടുത്തില്ല. കേസെടുക്കാതെ എന്നെ നാറ്റിക്കാനാണ് ഇവരുടെ പ്ലാന്‍. ഇതിന്‍റെ സത്യം അറിയും വരെ ഞാന്‍ ഇതിന്‍റെ പിറകില്‍ തന്നെ നടക്കും. എന്തുതന്നെ വന്നാലും എക്സൈസുകാരല്ല ആര് തന്നെ ആണ് ഇതിന്‍റെ പിന്നിലെങ്കിലും ഞാന്‍ ഇതിന്‍റെ പിറകില്‍ തന്നെ ഉണ്ടാകും.
ലോഡ്ജ് എന്നാണ് ഇവര് പറയുന്നത് ധര്‍മ്മശാലയിലുള്ള പൊളാരിഷ് എന്ന് പറഞ്ഞ റൂമാണ് അത്. ആ റൂമിന്‍റെ പേര് പോലും പറയാന്‍ ഇവര്‍ക്ക് പേടിയാണ്. ആ റൂമില്‍ എക്സൈസുകാര് വരുന്ന സമയത്ത് സിസിടിവി മുഴുവന്‍ ഓഫായി, എന്തിനാ അത് ഓഫാക്കിയത്. എക്സൈസുകാര് വന്ന് അവര് തന്നെ ഒരു സാധനം വെച്ച് അവര് തന്നെ എടുത്തിട്ട് ഇന്ന സാധനം കിട്ടി എന്ന് പറയുകയായിരുന്നു. എന്നെ ജയിലില്‍ കൊണ്ടുപോയാല്‍ അവരുടെ ഭാഗത്ത് ഒരുപാട് തെറ്റുണ്ട്. അതുകൊണ്ടാണ് അവര്‍ എന്നെ ഒന്നും ചെയ്യാത്തത്. ഇവര്‍ക്ക് പരമാവധി വേണ്ടത് എന്നെ പരമാവധി നാറ്റിക്കുകയാണ്. എന്‍റെ ഭാഗത്ത് തെറ്റില്ലാത്തതുകൊണ്ട് എനിക്ക് പേടിക്കേണ്ട കാര്യമില്ല. എന്‍റെ കമന്‍റില്‍ വന്ന് ഇനി ആരും ജയിലിലാണോ അതോ വേറെ എവിടെയെങ്കിലുമാണോ എന്ന് ചോദിക്കേണ്ടതില്ല.