കാസർകോട് നാലാം മൈലിൽ വീടിന് സമീപം പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിന് നാലുപേര്‍ക്ക് വെട്ടേറ്റു. നാലാം മൈലിലെ ഇബ്രാഹിം സൈനുദ്ദീൻ, മകൻ ഫവാസ് ബന്ധുക്കളായ റസാഖ്, മുൻഷീദ് എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ അച്ഛനും മക്കളും ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. അയൽവാസിയുടെ വീട്ടിൽ രണ്ടംഗസംഘം പടക്കം പൊട്ടിച്ചത് ഫവാസും സുഹൃത്തുക്കളും ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായ സംഘം തിളച്ച ചായ ഫവാസിന്റെ മുഖത്തൊഴിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഇബ്രാഹിം സൈനുദ്ദീൻ മകനെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ അക്രമികൾ വീണ്ടും എത്തി. വാഹനം തടഞ്ഞുനിർത്തിയ ശേഷമായിരുന്നു വടിവാളും കത്തിയും ഉപയോഗിച്ചുള്ള ആക്രമണം.
പെപ്പർ സ്പ്രേ പ്രയോഗിച്ച ശേഷം ആയിരുന്നു പത്തംഗ സംഘത്തിന്റെ ആക്രമണം. ഗുരുതരമായി പരുക്കേറ്റ ഫവാസിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. വധശ്രമത്തിന് കേസെടുത്ത വിദ്യാനഗർ പൊലീസ് നാലാം മൈൽ സ്വദേശി ബി. എ മൊയ്തു, മക്കളായ അബ്ദുൾ റഹ്മാൻ മിഥിലജ്, അസ്ഹറുദ്ദീൻ എന്നിവരെ അറസ്റ്റ് ചെയ്തു. മറ്റ് ഏഴ് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.