മലപ്പുറം ഈസ്റ്റ് കോഡൂരിൽ ആശുപത്രിയിൽ പോവാതെ വീട്ടിൽ പ്രസവിച്ച യുവതി മരിച്ചതിൽ പ്രസവം എടുക്കാനെത്തിയ സ്ത്രീയുടെ പങ്കും അന്വേഷിക്കുന്നു. പ്രസവം എടുക്കാൻ എത്തിയതെന്നു കരുതുന്ന സ്ത്രീയെ മരിച്ച അസ്മയുടെ വീട്ടിൽ വച്ചു കണ്ടതായി അയൽക്കാരൻ മനോരമ ന്യൂസിനോട് പറഞ്ഞു. ഒരു സ്ത്രീയുടെ സഹായത്തോടെയാണ് പ്രസവം നടന്നതെന്ന് സിറാജുദ്ദീൻ അസ്മയുടെ ബന്ധുക്കളോട് പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നു. പെരുമ്പാവൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത സിറാജുദീനെ മലപ്പുറം പൊലീസിന് കൈമാറി.
പ്രസവത്തിനിടെ അസ്മയുടെ മരണം നടന്ന് മൃതദേഹം പെരുമ്പാവൂരിലേക്ക് കൊണ്ടുപോയ ശേഷമാണ് രാവിലെ ആറിനാണ് വീട്ടിൽ പരിചയമില്ലാത്ത സ്ത്രീയെ കാണുന്നത്. ഇവരെ പരിചയമില്ലാത്ത ഓട്ടോ ഡ്രൈവർ ആണ് കൂട്ടിക്കൊണ്ടുപോയതെന്ന് അയൽക്കാരനായ മഞ്ജുനാഥ് മനോരമ ന്യൂസിനോട് പറഞ്ഞു. അസ്മയുടെ മുൻപ് നടന്ന നാല് പ്രസവങ്ങളും ആശുപത്രിയിൽ പോവാതെ വീട്ടിൽ വച്ചാണ് നടന്നതെന്ന് സിറാജുദ്ദീൻ സമ്മതിച്ചിട്ടുണ്ട്. മലപ്പുറം ഒതുക്കുങ്ങലിലുള്ള സ്ത്രീയാണ് പ്രസവം എടുക്കാൻ സിറാജുദ്ദീന്റെ വീട്ടിലെത്തി എന്നാണ് നിഗമനം. അസ്മയുടെ ബന്ധുക്കൾ ചോദ്യം ചെയ്തപ്പോൾ സിറാജുദ്ദീനും ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്.
പെരുമ്പാവൂർ പൊലീസാണ് കേസെടുത്തു അന്വേഷണം ആരംഭിച്ചത്. മലപ്പുറം പോലീസ് ആണ് വിശദമായ തുടരന്വേഷണം നടത്തുക.