പെരുമ്പാവൂര്‍ സ്വദേശി അസ്മ വീട്ടിലെ പ്രസവത്തിനിടെ മരണപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവും മതപ്രഭാഷകനും യു ട്യൂബറുമായ സിറാജുദ്ദീനെ കൈകാര്യം ചെയ്ത് അസ്മയുടെ ബന്ധുക്കള്‍. നീ ചുട്ടകോഴിയെ പറപ്പിക്കുന്നവനല്ലേ, അവള്‍ക്ക് ജീവന്‍ കൊടുക്ക് എന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. ഇയാളെ ചോദ്യം ചെയ്യുന്ന വിഡിയോ ബന്ധുക്കള്‍ തന്നെയാണ് പുറത്തുവിട്ടത്.
പ്രസവം എടുക്കാനായി ഒരു സ്ത്രീ എത്തിയിരുന്നെന്നും പ്രസവശേഷം അസ്മ ആരോഗ്യവതി ആയിരുന്നെന്നും വിഡിയോയില്‍ സിറാജുദ്ദീന്‍ പറയുന്നുണ്ട്. കഞ്ഞികുടിച്ച് കിടക്കുകയാണെന്ന് പറഞ്ഞ് പോയ അസ്മക്ക് ശ്വാസംമുട്ട് അനുഭവപ്പെട്ടിരുന്നെന്നും പ്രസവമെടുക്കാന്‍ വന്ന സ്ത്രീയെ വിളിച്ചപ്പോള്‍ പ്രസവിച്ചതിന്‍റെ ക്ഷീണമാണെന്നാണ് പറഞ്ഞതെന്നും ഇയാള്‍ പറഞ്ഞു. കിടന്ന അസ്മ പിന്നീട് ചെന്ന് നോക്കുമ്പോള്‍ അനങ്ങുന്നില്ലായിരുന്നെന്നും തന്‍റെ മകന്‍ ഇതിനൊക്കെ സാക്ഷിയാണെന്നുമാണ് ഇയാള്‍ ബന്ധുക്കളോട് പറയുന്നത്.
അഞ്ചാമത്തെ പ്രസവത്തിലാണ് അസ്മ മരിച്ചത്. ഭാര്യയുടെ മരണത്തിന് പിന്നാലെ മൃതദേഹം ഭര്‍ത്താവ് സിറാജുദ്ദീൻ ഭാര്യയുടെ നാടായ പെരുമ്പാവൂരിലേക്ക് കൊണ്ടുപോയി. വീട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം പൊലീസ് ഇടപെട്ട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.വേദനകൊണ്ട് പുളഞ്ഞ ഭാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കരഞ്ഞപേക്ഷിച്ചിട്ടും സിറാജുദ്ദീൻ അനുവദിച്ചില്ലെന്നാണ് വിവരം.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. വീട്ടിൽ പ്രസവം നടന്നത് ഇന്നലെ വൈകുന്നേരം 6 മണിക്കാണ്. യുവതി മരിച്ചു എന്നറിഞ്ഞത് ഒൻപതു മണിക്കുമായിരുന്നു. യുവതി മരിച്ചു എന്ന് പിന്നീട് ഭർത്താവ് വീട്ടുകാരെ വിളിച്ചറിയിക്കുകയായിരുന്നു. മൃതദേഹവുമായി വീട്ടിലെത്തിയപ്പോൾ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മന്ത്രവാദവും അന്ധവിശ്വാസവും കൊണ്ടുനടന്ന ഇയാള്‍ സിദ്ധവൈദ്യത്തില്‍ ആണ് വിശ്വാസമര്‍പ്പിച്ചിരുന്നത്. ആദ്യത്തെ നാലു പ്രസവങ്ങളും വീട്ടില്‍ത്തന്നെയായിരുന്നു നടത്തിയിരുന്നത്. ഒന്നര വര്‍ഷം മുന്‍പാണ് ഈ കുടുംബം ചട്ടിപ്പറമ്പിലെ വാടകവീട്ടിലെത്തുന്നത്. ഈ വീട്ടില്‍ താമസിക്കുന്നത് ആരൊക്കെയാണെന്നുപോലും നാട്ടുകാര്‍ക്കോ അയല്‍ക്കാര്‍ക്കോ അറിയില്ല. കുട്ടികളെ സ്കൂള്‍ വണ്ടിയില്‍ വിടാനായി മാത്രമാണ് സിറാജുദ്ദീന്‍റെ ഭാര്യ പുറത്തിറങ്ങുന്നത്. ഒന്‍പതാം ക്ലാസിലും രണ്ടാംക്ലാസിലും എല്‍കെജിയിലും പഠിക്കുന്ന കുട്ടികളെ പലരും കണ്ടിട്ടുണ്ടെങ്കിലും മറ്റൊരു കുഞ്ഞു കൂടി അവിടെയുണ്ടെന്നുള്ളത് ആര്‍ക്കും അറിവില്ല.