sherin-crime

ഭാസ്കര കാരണവര്‍ കൊലക്കേസ് കുറ്റവാളി ഷെറിന് പരോള്‍. ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാനുള്ള സര്‍ക്കാര്‍ നീക്കം പൊളിഞ്ഞതിന് പിന്നാലെയാണ് പരോള്‍ അനുവദിച്ച് ഷെറിനെ പുറത്തിറക്കിയത്. പതിനാല് വര്‍ഷത്തിനിടെ ഷെറിന് ലഭിച്ചത് അഞ്ഞൂറ് ദിവസത്തിലേറെ പരോള്‍.

ഭര്‍ത്താവിന്‍റെ അച്ഛനായിരുന്ന ഭാസ്കരകാരണവരെ കൊന്ന കേസില്‍ ജീവപര്യന്തം ശിക്ഷിച്ച ഷെറിനെ എങ്ങിനെയെങ്കിലും പുറത്തിറക്കാനുള്ള നീക്കങ്ങള്‍ കുറച്ച് മാസങ്ങളായി സജീവമാണ്. ജീവപര്യന്തം തടവിന്‍റെ ഏറ്റവും കുറഞ്ഞ കാലയളവായ 14 വര്‍ഷം പൂര്‍ത്തിയായതിന് പിന്നാലെ ഷെറിന്‍റെ ശിക്ഷ വെട്ടിക്കുറച്ച് മോചിപ്പിക്കാനായിരുന്നു മന്ത്രിസഭയുടെ ആദ്യ തീരുമാനം. ഷെറിനേക്കാള്‍ കാലം ജയിലില്‍ കിടന്ന വരെ പരിഗണിക്കാതെയുള്ള തീരുമാനം ഒരു മന്ത്രിയുടെ താല്‍പര്യമെന്ന ആക്ഷേപം ശക്തമായി. 

എന്നിട്ടും നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെ സഹതടവുകാരിയെ തല്ലി ഷെറിന്‍ വീണ്ടും പ്രതിയായി. ഇതോടെ മോചന നീക്കത്തിന് ഗവര്‍ണര്‍ ഉടക്കിടുമെന്ന് മുന്‍കൂട്ടി കണ്ട് മോചനഫയല്‍ സര്‍ക്കാര്‍ തല്‍കാലത്തേക്ക് മരവിപ്പിച്ചു. എന്നന്നേക്കുമായി പുറത്തിറക്കാനുള്ള നീക്കം അങ്ങിനെ പൊളിഞ്ഞതോടയാണ് പരോള്‍ വഴി തല്‍കാലത്തേക്ക് മോചിപ്പിച്ചത്. കണ്ണൂര്‍ വനിതാ ജയിലില്‍ നിന്ന്  അഞ്ചാം തീയതി പുറത്തിറങ്ങിയ ഷെറിന് ഇനി  23 ന് തിരിച്ചെത്തിയാല്‍ മതി. സ്വാഭാവിക പരോളെന്നാണ് ജയില്‍വകുപ്പിന്‍റെ വിശദീകരണം. അതിനിടെ പതിനാല് വര്‍ഷത്തിനിടെ ഷെറിന് കിട്ടിയ പരോളിന്‍റെ എണ്ണം അഞ്ഞൂറ് പിന്നിട്ടു.

ENGLISH SUMMARY:

Bhaskara Karanavar murder case: Sherin granted parole