പത്തനംതിട്ടയിൽ കോവിഡ് ബാധിതയായ പെൺകുട്ടിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിലെ പ്രതി നൗഫലിന് ജീവപര്യന്തം തടവുശിക്ഷ. ഒരുലക്ഷത്തി എണ്ണായിരം രൂപ പിഴയും അടയ്ക്കണം. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.
ബലാല്‍സംഗത്തിന്10വര്‍ഷവും പട്ടികജാതി പീഡനത്തിന് ജീവപര്യന്തവുമാണ് ശിക്ഷ. ശാരീരിക പീഡനം,മോശമായ പെരുമാറ്റം,തുടങ്ങിയ വകുപ്പുകളില്‍ ഒരു വര്‍ഷം വീതവും ശിക്ഷ വിധിച്ചു. ആറ് വകുപ്പുകളിലായുള്ള ശിക്ഷകള്‍ ഒരുമിച്ച് അനുഭവിക്കണം. പിഴത്തുകയായ ഒരുലക്ഷത്തി എണ്ണായിരം രൂപ പെണ്‍കുട്ടിക്ക് നല്‍കണം. 2020 സെപ്റ്റംബർ അഞ്ചിന് രാത്രി ആയിരുന്നു പീഡനം. കോവിഡ് ബാധിച്ച അടൂരില്‍ നിന്നുള്ള19വയസുകാരിയെ പന്തളത്തെ കോവിഡ് സെന്‍ററില്‍ എത്തിക്കാനുള്ള യാത്രയ്ക്കിടെ ആയിരുന്നു പീഡിപ്പിച്ചത്. വഴി മാറ്റി ആറന്‍മുളയിലെ ഒഴിഞ്ഞസ്ഥലത്ത് എത്തിച്ചായിരുന്നു പീഡിപ്പിച്ചത്. ആംബുലന്‍സിന്‍റെ ജിപിഎസ് വിവരങ്ങളും ഡിഎന്‍എ പരിശോധനാ ഫലവും പ്രധാന തെളിവായി. 55 സാക്ഷികളെ വിസ്തരിച്ചു.പീഡനത്തിന് ശേഷം പ്രതി പെണ്‍കുട്ടിയോട് മാപ്പു പറയുന്നത് ഫോണില്‍ ചിത്രീകരിച്ചതും തെളിവായി. പ്രതി കുറ്റക്കാരനെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു.
കോവിഡ് കാലത്ത് വന്‍വിവാദമായ കേസാണ് ആംബുലന്‍സ് പീഡനം. മുഴുവന്‍ വിചാരണാ നടപടികളും ഹൈക്കോടതി ഉത്തരവ് പ്രകാരം കാമറയില്‍ പകര്‍ത്തിയിരുന്നു. നാല് വര്‍ഷത്തിനു ശേഷമാണ് കേസില്‍ വിധി വരുന്നത്. ടി.ഹരികൃഷ്ണൻ ആയിരുന്നു പ്രോസിക്യൂട്ടർ.