തിരുവല്ലയിൽ തട്ടുകടയിലെ ആക്രമണത്തിൽ രണ്ടാമതും കേസെടുത്ത് പൊലീസ്. കഴിഞ്ഞദിവസം കേസിൽ പ്രതി ചേർത്തവരുടെ പരാതിയിലാണ് പുതിയ കേസ്. ഇരു കേസിലും പ്രതികൾക്കുമേൽ വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി. കവിയൂർ ഞാലികണ്ടം സ്വദേശി വിഷ്ണു വിജയകുമാറിനെ കുത്തിപ്പരിക്കേൽപ്പിച്ചു എന്ന പേരിൽ ഉണ്ടപ്ലാവ് സ്വദേശികളായ വിഷ്ണു എസ്. നായർക്കെതിരെയും പ്രമോദ് എസ്. പിള്ളക്കെതിരെയും ഇന്നലെ കേസെടുത്തിരുന്നു.
എന്നാൽ പ്രതികളായ ഇരുവരുടെയും പരാതിയിൽ വിഷ്ണു വിജയകുമാറിനെയും സുഹൃത്ത് ജെബിൻ പോളിനെയും പ്രതി ചേർത്താണ് ഇന്ന് രണ്ടാമത് കേസെടുത്തിരിക്കുന്നത്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു ആക്രമണം. ഭക്ഷണം കഴിക്കുന്നതിനിടെ വിഷ്ണു എസ്. നായരെയും പ്രമോദിനെയും വിഷ്ണു വിജയകുമാറും ജെബിനും ചേർന്ന് ആക്രമിച്ചു എന്നാണ് പുതിയ കേസ്. മുൻ വൈരാഗ്യമാണ് ഇരു കൂട്ടരുടെയും തമ്മിലടിക്ക് കാരണമായതെന്നാണ് പുളിക്കീഴ് പൊലീസിന്റെ അനുമാനം. നാലുപേരും മുൻപും പല കേസുകളിലും പ്രതികളാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.