ഇടുക്കി തൊടുപുഴയിലെ ബിജു ജോസഫ് കൊലപാതകത്തിൽ ഒന്നാം പ്രതി ജോമോന്റെ ഭാര്യ സീനയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇതോടെ കേസിലെ എല്ലാ പ്രതികളും പൊലീസിന്റെ പിടിയിലായി. ബിസിനസ് പങ്കാളിയായ ബിജുവിനെ കൊലപ്പെടുത്താനുള്ള ജോമോന്റെ ഗൂഡലോചനയിൽ ഭാര്യക്ക് പങ്കുണ്ടന്നാണ് പൊലീസ് കണ്ടെത്തൽ.
മരണമുറപ്പിക്കാൻ ബിജുവിന്റെ മൃതദേഹവുമായി പ്രതികൾ ജോമോന്റെ വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്ന് നൽകിയത് ഭാര്യ സീനയാണ്. വീട്ടിലെ തറയിലും ചുവരിലും വീണ രക്തം തുടച്ചു വൃത്തിയാക്കിയെന്നും തുടയ്ക്കാൻ ഉപയോഗിച്ച തുണി പിന്നീട് കത്തിച്ചെന്നും സീന പൊലീസിനോട് സമ്മതിച്ചു. സീനയെ വീട്ടിലെത്തിച്ചു നടത്തിയ തെളിവെടുപ്പിൽ ബിജുവിന്റെ ചെരുപ്പ്, തുണി, കയ്യിൽ കെട്ടിയ ഷൂ ലെയ്സ് എന്നിവ കണ്ടെത്തി. തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന എന്നി വകുപ്പുകളാണ് സീനക്കെതിരെ ചുമത്തിയിരിക്കുന്നത്.
ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം സിനയെ ഉടൻ റിമാൻഡ് ചെയ്യും. കേസിൽ ജോമോന്റെ അടുത്ത ബന്ധുവായ എബിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കലയന്താനിയിലെ ഗോഡൗണിൽ ബിജുവിന്റെ മൃതദേഹം മറവ് ചെയ്ത ശേഷം ദൃശ്യം 4 നടത്തിയെന്ന് ജോമോൻ ഫോൺ വിളിച്ചു പറഞ്ഞത് എബിനോടാണ്.
കൊലപാതകത്തിനുശേഷം പുതിയ ഫോൺ വാങ്ങുന്നതിനായി 25000 രൂപ ജോമോൻ എബിനിൽ നിന്ന് കൈപ്പറ്റി. പ്രതികൾ തൊടുപുഴയിൽ എത്തിയത് മുതൽ എല്ലാ വിവരങ്ങളും എബിന് അറിയാമെന്നും പൊലീസിന്റെ കണ്ടെത്തി. ജോമോനും എബിനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ വിശദമായി പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം മറ്റ് പ്രതികളായ ജോമോൻ, മുഹമ്മദ് അസ്ലം, ജോമിൻ കുര്യൻ, എബിൻ എന്നിവരെ റിമാൻഡ് ചെയ്തു.