AI Generated Image
ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ ഓഡിറ്റ് നടത്തിയ ഉദ്യോഗസ്ഥര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി. ഒരു യുവതി 25 തവണ പ്രസവിച്ചതിന്‍റെയും അഞ്ച് തവണ വന്ധ്യംകരണത്തിന് വിധേയയാതിന്‍റെയും രേഖകളാണ് ഓഫീസില്‍ നിന്ന് കണ്ടെടുത്തത്. ഇതുവഴി വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് പണം തട്ടിയതായും കണ്ടെത്തി. യുവതിയെ അന്വേഷിച്ചിറങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് ഒടുവില്‍ കാര്യം മനസിലായി. അങ്ങിനെയൊരു യുവതി ഇല്ലെന്നും യുവതിയുടെ പേരില്‍ വ്യാജ രേഖ ചമച്ച് ആരോഗ്യപ്രവര്‍ത്തകരാണ് പണം തട്ടിയതെന്നും വ്യക്തമായി .
2021 നും 2023നും ഇടയില്‍ രണ്ട് കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നായി 45,000 രൂപയാണ് ഇത്തരത്തില്‍ തട്ടിയത്. കരാർ അടിസ്ഥാനത്തിൽ ഫത്തേഹാബാദ് സിഎച്ച്സിയിൽ ജോലിചെയ്യുന്ന നാല് ആരോഗ്യപ്രവര്‍ത്തകരായിരുന്നു തട്ടിപ്പിനു പിന്നില്‍. ബ്ലോക്ക് പ്രോഗ്രാം മാനേജർ ഗൗരവ് ഥാപ്പ, ബ്ലോക്ക് അക്കൗണ്ടിങ് മാനേജർ നീരജ് അവസ്തി, ഡാറ്റ എൻട്രി ഓപ്പറേറ്റർ ഗൗതം സിങ്, മറ്റൊരു സിഎച്ച്സിയിലെ ഡാറ്റ എൻട്രി ഓപ്പറേറ്ററായ അസ്ഹർ അഹമ്മദ് എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരിൽ മൂന്ന് പേരെ ബുധനാഴ്ച അറസ്റ്റ് ചെയ്തു.
തട്ടിയെടുത്ത പണം മാറ്റിയതാകട്ടെ തട്ടിപ്പിനെ കുറിച്ച് യാതൊരു അറിവുമില്ലാതിരുന്ന കൃഷ്ണ കുമാരിയുടെ അക്കൗണ്ടിലേക്കും. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ 35 കാരിയായ കൃഷ്ണകുമാരിയുടെ പേരില്‍ വ്യാജ രേഖകൾ ഉപയോഗിച്ചാണ് അക്കൗണ്ട് തുറന്നതെന്നും തെളിഞ്ഞു. കൃഷ്ണകുമാരി താമസിക്കുന്ന ഗ്രാമമായ നഗ്ല കദമിൽ നിന്നുള്ള ഏജന്‍റ് അശോക് കുമാറാണ് കൃഷ്ണകുമാരിയുടെ പേരില്‍ അക്കൗണ്ട് തുറന്ന് തുക പിന്‍വലിച്ചത്. ഇയാളാണ് കേസിലെ പുറത്തുനിന്നുള്ള അഞ്ചാം പ്രതി.
എൻഎച്ച്എമ്മിന്‍റെ 'ജനനി സുരക്ഷാ യോജന', 'മഹിളാ വന്ധ്യംകരണ പ്രോത്സാഹന പദ്ധതി' എന്നിവയില്‍ നിന്നാണ് പണം തട്ടിയത്. ഗ്രാമപ്രദേശങ്ങളിലെ പ്രസവത്തിന് 1,400 രൂപ, നഗരപ്രദേശങ്ങളിലെ പ്രസവത്തിന് 1,000 രൂപ, വന്ധ്യംകരണത്തിന് 2,000 രൂപ എന്നിങ്ങനെ സ്ത്രീകള്‍ക്ക് ഈ പദ്ധതികള്‍ മുഖേന സാമ്പത്തിക സഹായം ലഭിക്കുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇത്തരം കൂടുതല്‍ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോ എന്നറിയാന്‍ ശ്രമങ്ങള്‍ നടക്കുകയായും സിഎംഒ അരുൺ ശ്രീവാസ്തവ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ആരോഗ്യ വകുപ്പ് ജീവനക്കാരുടെ പങ്കാളിത്തമില്ലാതെ ഇത്തരം വ്യാജ അവകാശവാദങ്ങൾ ഉന്നയിക്കാൻ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ ടൈംസിനോട് പറഞ്ഞത്. തട്ടിപ്പില്‍ അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്, നഴ്‌സുമാർ, ഡോക്ടർമാർ എന്നിവരുടെ പങ്കാളിത്തവും തള്ളികളയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.