മോഷ്ടാക്കളായ പൊടിച്ചന്‍ (ഇടത്), ഷൈജു ഖാന്‍ (വലത്)
വീടുകുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന മോഷ്ടാക്കളെ വീട്ടമ്മയുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വലയിലാക്കി പൊലീസ്. മാര്‍ച്ച് 24നാണ് സംഭവം. ചാരുംമൂട് താമരക്കുളം സ്വദേശി സതിയമ്മയുടെ വീട്ടിലാണ് മോഷണം നടന്നത്. മുറുക്കാന്‍കട നടത്തുന്ന സതിയമ്മ കടയിലായിരിക്കുന്ന സമയം നോക്കിയാണ് മോഷ്ടാക്കളായ നൂറനാട് സ്വദേശി ഷൈജുഖാൻ എന്ന പി.കെ.ഖാനും അമ്പലപ്പുഴ വളഞ്ഞവഴി സ്വദേശി പൊടിമോനും മോഷണം നടത്തിയത്. സ്കൂട്ടറിലാണ് ഇവര്‍ താമരക്കുളത്ത്എത്തിയത്. തിരിച്ചറിയാതിരിക്കാന്‍ ഹെല്‍മറ്റും മുഖംമൂടിയും ഗ്ലൗസും ധരിച്ചിരുന്നു. മുൻവാതിൽ കുത്തിത്തുറന്ന് വീടിനുള്ളില്‍ കയറി അലമാരയാകെ തിരഞ്ഞു. ഒരു പവൻ തൂക്കം വരുന്ന വളയും 52,000 രൂപയും കൈക്കലാക്കി കടന്നുകളഞ്ഞു.
ആ തലവേദന തുണയായി
സാധാരണ കച്ചവടം കഴിഞ്ഞ് വൈകി വീട്ടിൽ എത്തുന്ന സതിയമ്മയ്ക്ക് അന്ന് കലശലായ തലവേദനയായിരുന്നു. അതിനാല്‍ മൂന്നുമണിയോടെ കടപൂട്ടി വീട്ടിലെത്തി. വീട്ടില്‍ കയറിയപ്പോള്‍ തന്നെ പന്തികേട് ശ്രദ്ധയില്‍പ്പെട്ടു. അലമാരിയിലെ വസ്ത്രങ്ങളാകെ വലിച്ചു വാരിയിട്ട നിലയിലായിരുന്നു. ആകെയുണ്ടായിരുന്ന വളയും പണവും നഷ്ടപ്പെട്ടു. ഉടൻ തന്നെ സതിയമ്മ നൂറനാട് പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു.
വീട്ടുമുറ്റത്തെത്തിയ കറുത്ത സ്കൂട്ടര്‍; നിര്‍ണായക മൊഴി
പരാതിയെത്തിയതേ പൊലീസ് ഉണര്‍ന്നു. വീടിനടുത്തുള്ളവരെയും വഴിയാത്രക്കാരെയും കണ്ട് വിവരങ്ങള്‍ തിരക്കി. സംശയാസ്പദമായി ആരെയെങ്കിലും കണ്ടോ എന്നായിരുന്നു അന്വേഷണം. മോഷണം നടന്ന് അധികസമയമായില്ലെന്ന് അന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ പൊലീസിന് ബോധ്യമായി. ഉച്ചയ്ക്ക് 1.45ന് സതിയമ്മയുടെ വീട്ടുമുറ്റത്ത് രണ്ടുപേർ കറുത്ത സ്കൂട്ടറിൽ എത്തിയതായി അതുവഴി കാറിൽ സഞ്ചരിച്ച അയൽവാസിയായ സ്ത്രീയും കുട്ടിയും പൊലീസിനെ അറിയിച്ചു. മൊഴിയുടെ അടിസ്ഥാനത്തിൽ സമീപപ്രദേശങ്ങളിലെ 150ലധികം സിസിടിവി ക്യാമറകൾ പരിശോധിച്ചതിലൂടെ പ്രതികളെ കുറിച്ച് ഏകദേശ ധാരണ ലഭിച്ചു. കംപ്യൂട്ടര്‍ സഹായത്തോടെ പ്രതികളിലൊരാളുടെ ചിത്രവും തയ്യാറാക്കി. ഓച്ചിറയ്ക്ക് സമീപം പുതുപ്പള്ളി ഭാഗത്ത് നിന്നാണ് ഇവരെത്തിയതെന്ന് അന്വേഷണത്തില്‍ ഏറെക്കുറേ വ്യക്തമായി. പക്ഷേ അപ്പോഴേക്കും പ്രതികൾ കാണാമറയത്തെത്തിയിരുന്നു.
മുഖ്യപ്രതി വിദ്യാർഥികൾക്ക് കഞ്ചാവ് വിതരണം നടത്തുന്നയാൾ
പ്രതികളെ കുറിച്ചുള്ള ഏകദേശധാരണ ലഭിച്ച പൊലീസ് പഴയകേസ് ഫയലുകള്‍ തപ്പി ഇവരുടെ പേരിലുള്ള മുന്‍കാലകേസുകളും പൊടിതട്ടിയെടുത്തു. 2020 മുതൽ നൂറനാട് പൊലീസിലും, നൂറനാട്. ആലപ്പുഴ എക്സൈസ് ഓഫീസുകളിലുമായി റജിസ്റ്റര്‍ ചെയ്ത കഞ്ചാവുകേസുകളില്‍ പ്രതിയായ ഷൈജു ഖാനാണ് മുഖ്യപ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഒഡീഷ, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും കഞ്ചാവ് കടത്തിക്കൊണ്ടു വന്ന് ചാരുംമൂട് കേന്ദ്രീകരിച്ച് ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ഇയാള്‍ വില്‍പന നടത്തിയിരുന്നു. 2023 മാർച്ചിൽ രണ്ടുകിലോ കഞ്ചാവുമായി നൂറനാട് പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്. 2024 ജൂണിൽ 2 കിലോ കഞ്ചാവുമായി നൂറനാട് എക്സൈസും 2024 ഓഗസ്റ്റിൽ എട്ടരക്കിലോ കഞ്ചാവുമായി ആലപ്പുഴ എക്സൈസ് എൻഫോസ്മെന്റും അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ഈ കേസിൽ ജാമ്യം റദ്ദാക്കിയിരുന്നു. പൊലീസ് തേടിക്കൊണ്ടിരിക്കെയായിരുന്നു ഈ മോഷണം. കൂട്ടാളിയായ പൊടിച്ചന്‍ എന്ന പൊടിമോന്‍ ചേർത്തല, അമ്പലപ്പുഴ, പുന്നപ്ര, കരുനാഗപ്പള്ളി, ഓച്ചിറ പൊലീസ് സ്റ്റേഷനുകളിലും ആലപ്പുഴ റെയിൽവേ പൊലീസ് സ്റ്റേഷനിലുമായി 16 മോഷണ കേസുകളിൽ പ്രതിയാണ്.
ഒളിവില്‍ കഴിഞ്ഞത് പെണ്‍സുഹൃത്തിന്‍റെ വീട്ടില്‍!
മോഷ്ടാക്കളെ തിരിച്ചറിഞ്ഞെങ്കിലും മൊബൈൽ ഫോണുകൾ ഉപയോഗിക്കാതെ സഞ്ചരിച്ചിരുന്ന ഇവരെ പിടികൂടുന്നത് അന്വേഷണ സംഘത്തിന് വെല്ലുവിളിയായി. പിന്നീട് മുഖ്യപ്രതി ഷൈജു ഖാൻ ഒളിവിൽ കഴിഞ്ഞിരുന്ന കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങരയിലെ പെൺസുഹൃത്തിന്‍റെ വീടും പൊടിമോൻ താമസിച്ചിരുന്ന പുതുപ്പള്ളിയിലെ വീടും പോലീസ് കണ്ടെത്തി. ഇവിടെ പൊലീസ് സംഘം ക്യാംപ് ചെയ്തു. ഇതിനിടെ ഓച്ചിറക്ക് സമീപം ദേശീയപാതയിൽ വെച്ച് പിക്കപ്പ് വാൻ ഓടിച്ചു വരികയായിരുന്ന ഷൈജു ഖാനെ അന്വേഷണസംഘം വാഹനം തടഞ്ഞ് പിടികൂടി . തുടർന്ന് പൊടിമോനെ പുതുപ്പള്ളി ഭാഗത്തുവെച്ച് കസ്റ്റഡിയിലെടുത്തു.
മോഷണമുതൽ വെച്ച് ആഡംബര ബൈക്ക് വാങ്ങി
സതിയമ്മയെ നേരിട്ട് പരിചയമുള്ള ഷൈജു ഖാൻ സതിയമ്മ പകൽ സമയത്ത് വീട്ടിൽ ഉണ്ടാകില്ലെന്ന വ്യക്തമായ ധാരണയോടെയാണ് മോഷണം പ്ലാൻ ചെയ്തത്. മോഷണത്തിനുശേഷം പുതുപ്പള്ളിയിൽ എത്തി മോഷണമുതൽ പങ്കിട്ടെടുത്തു എന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. സതിയമ്മയുടെ വീട്ടില്‍ നിന്നെടുത്ത തുകയില്‍ നിന്ന് 26000 രൂപ ഡൗണ്‍പേയ്മെന്‍റ് നല്‍കി കരുനാഗപ്പള്ളിയില്‍ നിന്ന് പൊടിയച്ചന്‍ പുതിയ ആഢംബര ബൈക്ക് സ്വന്തമാക്കിയതായി പൊലീസ് കണ്ടെത്തി. ഈ ബൈക്കും മോഷണത്തിന് ഉപയോഗിച്ച കറുത്ത നിറത്തിലുള്ള സ്കൂട്ടറും ഷൈജു ഖാൻ സഞ്ചരിച്ചു വന്ന പിക്കപ്പ് വാനും പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.