രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച മീററ്റ് കൊലക്കേസില്‍ അറസ്റ്റിലായ മുസ്കാന്‍ റസ്തോഗി ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ച് ജയില്‍ സൂപ്രണ്ട്. ഉത്തര്‍പ്രദേശിലെ മീററ്റില്‍ മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ കൊലപ്പടുത്തി കഷ്ണങ്ങളാക്കി വീപ്പയ്കക്കുള്ളിലിട്ട കേസിലായിരുന്നു ഭാര്യ മുസ്കാന്‍ റസ്തോഗി അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു മുസ്കാനെ സ്കാനിങ്ങിന് വിധേയമാക്കിയത്. ഗര്‍ഭം ധരിച്ചിട്ട് ആറാഴ്ച പിന്നിട്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗര്‍ഭിണിയാണെന്ന് വ്യക്തമായതോടെ ജയിലില്‍ പ്രത്യേക പരിഗണന നല്‍കുമെന്ന് ജയില്‍ സൂപ്രണ്ട് വ്യക്തമാക്കി.
ഭര്‍ത്താവ് സൗരഭ് രജ്പുതിന്‍റെ കൊലപാതകത്തെത്തുടര്‍ന്ന് കഴിഞ്ഞ മാസം മാര്‍ച്ച് 19നാണ് മുസ്കാനും കാമുകന്‍ സാഹില്‍ ശുക്ലയും അറസ്റ്റിലാവുന്നത്. സൗരഭിനെ കൊന്നശേഷം ശരീരം നാലുകഷ്ണങ്ങളായി മുറിച്ച് വീപ്പയില്‍ നിറച്ചശേഷം ഒളിപ്പിക്കുകയായിരുന്നു. കൊലപാതകശേഷം ഹിമാചല്‍ പ്രദേശിലേക്ക് കടന്ന ഇരുവരെയും പിന്നീട് പൊലീസ് പിടികൂടി. ഇപ്പോള്‍ ഇരുവരും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അറസ്റ്റിന് ശേഷം മീററ്റ് ജയിലിലേക്ക് മാറ്റി.
മീററ്റ് ജയിലിലെത്തി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഗര്‍ഭിണിയായതിന്‍റെ മുസ്കാന്‍ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുന്നത്. ഇതുശ്രദ്ധയില്‍പ്പെട്ട ജയില്‍ അധികൃതര്‍ മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്ക് വിധേയമാക്കി. തുടര്‍ന്നാണ് ഗര്‍ഭിണിയെന്ന് സ്ഥിരീകരിച്ചത്. മാര്‍ച്ച് നാലിനാണ് മുസ്കാനും കാമുകനും ചേര്‍ന്ന് സൗരഭിനെ കൊലപ്പെടുത്തിയത്. ഈ സമയം മുസ്കാന്‍ ഗര്‍ഭിണിയായിരുന്നു. കാമുകന്‍ സാഹില്‍ ശുക്ലയാണ് തന്‍റെ ഗര്‍ഭത്തിന് ഉത്തരവാദിയെന്ന് മുസ്കാന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
ഭക്ഷണത്തില്‍ ഉറക്കഗുളിക ചേര്‍ത്ത് മയക്കിയാണ് സൗരഭിനെ ഇവര്‍ കൊലപ്പെടുത്തുന്നത്. മയങ്ങി വീണ സൗരഭിനെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തി. പീന്നീട് ശരീരം കഷ്ണങ്ങളാക്കി വെട്ടിനുറുക്കിയ ശേഷം വീപ്പയ്ക്കുള്ളിലാക്കി സിമന്‍റ് ഇട്ട് അടച്ചു. സൗരഭിന്‍റെ ഹൃദയത്തില്‍ മൂന്ന് തവണ ആഴത്തില്‍ കുത്തേറ്റതായി കണ്ടെത്തി. തല ശരീരത്തില്‍ നിന്ന് വേര്‍പെട്ട നിലയിലായിരുന്നു. കൈകള്‍ കൈത്തണ്ടയില്‍ നിന്ന് മുറിച്ചുമാറ്റപ്പെട്ട നിലയിലും.കാലുകള്‍ പിന്നിലേക്ക് വളച്ചുവച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തി.
കൊലപാതകശേഷം മാര്‍ച്ച് 18ന് മുസ്കാന്‍ തന്‍റെ അമ്മയോട് കുറ്റസമ്മതം നടത്തിയതോടെയാണ് കൊലപാതക വിവരം പുറത്തുവരുന്നത്. പിന്നാലെ മുസ്കാനും സാഹിലും പൊലീസ് പിടിയിലുമായി. സ്കൂള്‍ കാലം മുതല്‍ മുസ്കാനും കാമുകനും തമ്മില്‍ ബന്ധമുണ്ടെന്നും 2019 ല്‍ വാട്സാപ്പ് ഗ്രൂപ്പ് വഴി വീണ്ടും പരിചയം പുതുക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.