സർപ്പദോഷം മാറികിട്ടാന്‍ ഏഴ് മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ നരബലി നൽകിയ കേസിൽ അമ്മയ്ക്കു വധശിക്ഷ വിധിച്ച് കോടതി. തെലങ്കാനയിലെ സൂര്യപേട്ട് അഡീഷനൽ ജില്ലാ സെഷൻസ് കോടതിയാണ് ഭാരതി എന്ന യുവതിയെ വധശിക്ഷയ്ക്ക് വിധിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും കോടതി നിരീക്ഷിച്ചു.
2021 ഏപ്രിൽ 15നായിരുന്നു സംഭവം. ജീവിതത്തിലെ കഷ്ടപ്പാടുകൾക്കു കാരണം സർപ്പദോഷമാണെന്ന് യുവതി വിശ്വസിച്ചിരുന്നു. വീട്ടിലെ കിടപ്പുമുറിയിൽ പ്രത്യേക പൂജ നടത്തുന്നതിനിടെ ഭാരതി മകളുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും കുട്ടിയുടെ നാവ് മുറിച്ചുമാറ്റുകയുമായിരുന്നുവെന്ന് ഭാരതിയുടെ ഭർത്താവ് കൃഷ്ണ നൽകിയ പരാതിയിൽ പറയുന്നു. കൊലപാതകം നടക്കുന്ന സമയത്ത് കൃഷ്ണയുടെ രോഗിയായ അച്ഛനും വീട്ടിലുണ്ടായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് സംശയം തോന്നി നോക്കിയപ്പോഴാണ് രക്തം പുരണ്ട വസ്ത്രങ്ങളുമായി നിൽക്കുന്ന ഭാരതിയെ കണ്ടത്. കുഞ്ഞിനെ ദൈവങ്ങൾക്കു ബലിയർപ്പിച്ചെന്നും സർപ്പദോഷത്തിൽനിന്നു മുക്തി നേടിയെന്നുമായിരുന്നു ഭാരതി വിളിച്ചുപറഞ്ഞത്. നിലവില്‍ ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവതി ജയിലിലാണ്.