വളർത്തു നായ് കുരച്ചതിന് അയൽവാസിയും മകനും ചേർന്ന് വീട്ടമ്മയെ മർദ്ദിച്ചതായി പരാതി. വൈക്കം പനമ്പുകാട് സ്വദേശിനി പ്രജിതയെ വീട്ടിൽ കയറി മർദ്ദിച്ചെന്നാണ് പരാതി. കഴുത്തിനും മുഖത്തും പരുക്കേറ്റ പ്രജിത താലൂക്കാശുപത്രിയിൽ ചികിൽസയിലാണ്.
മത്സ്യമാർക്കറ്റിൽ ജോലിയെടുക്കുന്ന ഭർത്താവ് വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു പ്രജിതയ്ക്ക് നേരെയുള്ള ആക്രമണം. ഇന്നലെ ഉച്ചയോടെയാണ് അയൽവാസികളുടെ വീട്ടിൽ വിരുന്നുകാർ എത്തിയ നേരം പ്രജിതയുടെ നായ്ക്കൾ കുരച്ചത്. നായ്ക്കളുടെ നിർത്താതെയുള്ള കുരയാണ് അയൽവാസിക്ക് പ്രകോപനം. വിരുന്നുകാർ പോയശേഷം വീട്ടിലെത്തിയ അയൽവാസിയും മകനും മർദ്ദിച്ചതായും നായ്ക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതുമായാണ് പ്രജിതയുടെ പരാതി. കഴുത്തിനും മുഖത്തും കണ്ണിനും പരുക്കേറ്റ പ്രജിത ആശുപത്രിയിൽ ചികിൽസ തേടി
ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ തേടി വീട്ടിലേക്ക് മടങ്ങിയെങ്കിലും വീണ്ടും ശാരീരിക അസ്വസ്ഥതകൾ തുടങ്ങിയതായാണ് പ്രജിത പറയുന്നത്.. സംഭവത്തിൽ പ്രജിതയും കുടുംബവും പൊലീസിന് പരാതി നൽകിയിട്ടുണ്ട്. നടന്നതെന്താണെന്ന് അന്വേഷിച്ച് പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുമെന്ന് വൈക്കം പോലീസ് അറിയിച്ചു