ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊക്കാന്‍ യുവാവിന്റെ ശ്രമം. വയനാട് കേണിച്ചിറയിലാണ് സംഭവം. കേണിച്ചിറ സ്വദേശി ലിഷ (43) ആണ് കൊല്ലപ്പെട്ടത്. കൈ ഞരമ്പ് മുറിച്ച ജിന്സന് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലാണ്. രണ്ടുമക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷമായിരുന്നു ജലവകുപ്പ് ജീവനക്കാരനായ ജിന്‍സന്റെ ക്രൂരകൃത്യം.
സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് നാട്ടുകാര്‍ പറയുന്നത്. വീട്ടിനുള്ളില്‍ നിന്നും രണ്ട് കുറിപ്പുകളും പൊലീസ് കണ്ടെടുത്തു. ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യത വന്നതോടെയാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്ന് കുറിപ്പില്‍ പറയുന്നു. ലിഷയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കാനായിരുന്നു ജിന്‍സന്റെ ശ്രമം ഇത് പരാജയപ്പെട്ടതോടെയാണ് കൈ ഞരമ്പ് മുറിച്ചത്. പൊലീസെത്തി ലിഷയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി മാറ്റി.
ലിഷയെ കൊലപ്പെടുത്തിയ ശേഷം താൻ മരിക്കുകയാണെന്നും മക്കളെ സംരക്ഷിക്കണമെന്നും പറഞ്ഞ് സുഹൃത്തിനു ജെൻസൻ ശബ്ദസന്ദേശമയച്ചിരുന്നു. കടബാധ്യതയെ പറ്റി സന്ദേശത്തിൽ സൂചിപ്പിക്കുന്നുണ്ട്. ജെൻസന് ലക്ഷകണക്കിന് രൂപയുടെ ബാധ്യതയുണ്ടായിരുന്നതായും കൃത്യത്തിലേക്ക് നയിച്ചത് ബാധ്യതകളാണെന്നുമാണ് പൊലീസിന്റെയും നിഗമനം. വിശദമായ അന്വേഷണം തുടരുകയാണ്.