പട്ടാമ്പിയിൽ 148.15 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൊപ്പം പ്രഭാപൂരം സ്വദേശി മുഹമ്മദ് ഫായിസാണ് ഗോവയിൽ നിന്ന് പട്ടാമ്പി പൊലീസിന്‍റെ പിടിയിലായത്. ജ്യൂസ് കടയിലെ ജോലിയുടെ മറവിലായിരുന്നു ഫായിസിന്‍റെ ലഹരി ഇടപാട്. ഫെബ്രുവരി 27 നാണ് പട്ടാമ്പിയിൽ 148.15 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ പൊലീസ് പിടിയിലാകുന്നത്. സംഘത്തിൽ ഉൾപ്പെട്ട ഒരാളെ കഴിഞ്ഞയാഴ്ച പൊലീസ് കൊച്ചിയിൽ നിന്ന് പിടികൂടിയിരുന്നു.
ഇതിന് പിന്നാലെയാണ് ഗോവയിൽ നിന്ന് മുഹമ്മദ് ഫായിസിനെ പിടികൂടുന്നത്. ഈ സംഘത്തിന് ഫായിസ് വഴിയാണ് ലഹരിമരുന്ന് എത്തിക്കുന്നത്. നാട്ടിൽ നിന്ന് ചെറുകിട വിൽപ്പന നടത്തുന്ന സംഘങ്ങൾക്ക് കൈമാറുന്നതാണ് രീതി. ഗോവയിൽ ജ്യുസ് ഷോപ്പിൽ ജീവനക്കാരനാണ് ഫായിസ്. പിടിയിലായവരുടെ മൊഴി പ്രകാരം കഴിഞ്ഞ ഒരു മാസമായി ഫായിസ് പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി. പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.