തൃശൂർ ഒന്നാംകല്ലിൽ സ്ഫോടക വസ്തുക്കളുമായി വീട് ആക്രമിക്കാന്‍ പോയ നാലംഗസംഘം പിടിയിൽ. കുമരനെല്ലൂരിലുള്ള വീട് ലക്ഷ്യമാക്കിപ്പോയ സംഘത്തെയാണ് വടക്കാഞ്ചേരി പൊലീസ് അകത്താക്കിയത്. ഇന്ന് പുലർച്ചെ ഒരുമണിയോടുകൂടിയായിരുന്നു സംഭവം. വടക്കാഞ്ചേരി കുമരനെല്ലൂരിലുള്ള വീട് ആക്രമിക്കാൻ പോകുന്ന വഴിയാണ് നാലംഗ സംഘം പിടിയിലാവുന്നത്.
വിഷ്ണു, ശ്രീജിത്ത്, ശിവശങ്കരൻ, അലക്സ് പുല്ലൂസ് എന്നിവരാണ് പിടിയിലായവർ. വടക്കാഞ്ചേരി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് ഇവരുടെ വാഹനം പരിശോധിച്ചത്. പരിശോധനയിൽ സ്ഫോടക വസ്തുക്കൾ, വടിവാൾ, ബേസ്‌ബോൾ സ്റ്റിക്ക് എന്നിവ പിടിച്ചെടുത്തു.
കുമരനെല്ലൂരിലെ വീട്ടിൽ നിന്ന് ഒരു പെൺകുട്ടിയെ ബലമായി പിടിച്ചിറക്കി കൊണ്ടുവരുന്നതിനിടയിൽ ശ്രീജിത്തും വീട്ടുകാരമായി തർക്കം ഉണ്ടാവുകയും. ഇതേ തുടർന്ന് ശ്രീജിത്തിന്റെ കാറിന്റെ ചില്ല് പൊട്ടുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. ഇതിന് പ്രതികാരം ചെയ്യാൻ സംഘമായി പോകും വഴിയാണ് ഇവർ വടക്കാഞ്ചേരി പൊലീസിന്റെ പിടിയിലാകുന്നത്.