വൈക്കത്ത് വളർത്തുനായ് കുരച്ചതിന്‍റെ പേരിൽ വീട്ടമ്മയെ മർദിച്ചെന്നത് കള്ളക്കേസാണെന്ന പരാതിയുമായി എതിർകക്ഷികൾ. വീട്ടമ്മ മരത്തിൽ തലയിടിച്ച് സ്വയം പരുക്കേൽപ്പിച്ചതെന്നാണ് പരാതി. എതിർകക്ഷികളുടെ പരാതി പരിശോധിക്കുകയാണെന്നും വേണ്ട നടപടി സ്വീകരിക്കുമെന്നും വൈക്കം പൊലീസ് അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് അയൽവാസികൾ മർദ്ദിച്ച് പരുക്കേൽപ്പിച്ചെന്നറിയിച്ച് വൈക്കം സ്വദേശിനി പ്രജിത ആശുപത്രിയിൽ ചികിത്സ തേടുകയും പരാതി നൽകുകയും ചെയ്തത്. അയൽവാസികളുടെ വീട്ടിൽ വിരുന്നുകാർ എത്തിയപ്പോൾ പ്രജിതയുടെ നായ്ക്കൾ കുരച്ചതിന്റെ പ്രകോപനത്തിൽ മർദ്ദിച്ചു എന്നായിരുന്നു പരാതി. പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. ആ കേസിൽ പ്രതിയായ കുടുംബം ഇപ്പോൾ മറ്റൊരു പരാതിയാണ് നൽകുന്നത്.
പ്രജിതയുടെ നായ്ക്കൾ അയൽവാസിയായ ഭിന്നശേഷിക്കാരിയെ ആക്രമിച്ചിരുന്നു. ഇതിന്റെ പേരിൽ ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായി. പിന്നാലെ അയൽവാസികളെ കുടുക്കുന്നതിനായി സ്വയം പരുക്കേൽപ്പിച്ച് പ്രജിത ആശുപത്രിയിൽ പ്രവേശിച്ചതാണെന്നാണ് എതിർകക്ഷിയായ കുടുംബം പറയുന്നത്
ഇവർ വൈക്കം ഡിവൈഎസ്പിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ വാസ്തവം പരിശോധിച്ചു വരികയാണെന്ന് വൈക്കം പൊലീസ് അറിയിച്ചു.