വർക്കല അഞ്ചുതെങ്ങിൽ യുവാക്കളെ നടുറോഡിൽ ഇട്ട് തല്ലിച്ചതച്ച് പൊലീസിന്റെ ഗുണ്ടാരാജ്. അഞ്ചുതെങ് എസ്എച്ച്ഒ ബിനീഷ് ലാലും എസ്ഐയും അടങ്ങുന്ന പൊലീസ് സംഘമാണ്, യുവാക്കളെ പൊതുനിരത്തിലിട്ട് ക്രൂരമായി തല്ലിയത്. നെടുങ്ങണ്ട ഉലക്കുടയ പെരുമാൾ ക്ഷേത്രത്തിലെ ഉത്സവകമ്മിറ്റി ഭാരവാഹികളായ അജിത്ത്, ശ്യാം, സജിത്ത്, സജി എന്നിവർക്കാണ് പൊലീസ് മർദനം ഏറ്റത്.
കാക്കിയിട്ടാൽ പാവങ്ങളെ തല്ലി ചതയ്ക്കാനുള്ള ലൈസൻസ് ആണെന്ന് കരുതുന്ന ചില പോലീസ് ഉദ്യോഗസ്ഥരെ പോലെയായിരുന്നു വർക്കല അഞ്ച്തെങ്ങ് എസ്എച്ച്ഒ ബിനീഷ് ലാലിന്റെ നടപടികൾ. ഒരു കാരണവുമില്ലാതെ കസ്റ്റടിയിലെടുത്ത യുവാക്കളെ കൊണ്ട് നടന്ന് തല്ലി. പോരാത്തത്തിന് നടുറോഡിൽ കമ്മീഷണറിലെ സുരേഷ്ഗോപിയുടെ പ്രകടനം കണക്കിന് കാക്കി ഷോയും.
വർക്കല കോടതി പരിസരത്ത് നിന്ന് കസ്റ്റഡിയിൽ എടുത്ത രണ്ട് യുവാക്കളെ പ്ലാവഴികം ജങ്ഷനിൽ എത്തിച്ചാണ് പൊലീസ് മർദിച്ചത്. ജീപ്പിൽ നിന്നിറങ്ങിയ യുവാക്കളെ ഒരു പ്രകോപനവും കൂടാതെ പൊലീസ് മർദിച്ചു. പൊലീസ് അക്രമത്തിൽ യുവാക്കളുടെ തോളിനും കഴുത്തിനും പരുക്കേറ്റു.
ജങ്ഷനിലെ മർദനത്തിന് ശേഷം സ്റ്റേഷനിൽ എത്തിച്ച് ലോക്കപ്പിലിട്ടും മർദിച്ചു. ഉത്സവവുമായി ബന്ധപ്പെട്ട പരിപാടിയിൽ റോഡ് ഗതാഗതം തടസപ്പെടുത്തിയത് ചോദ്യം ചെയ്തപ്പോൾ യുവാക്കൾ തർക്കിച്ചു എന്നതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്. എന്നാൽ ഗതാഗതം തടസം ഉണ്ടാക്കിയത് യുവാക്കളോട് ചോദിക്കുകയായിരുന്നെന്നും കസ്റ്റഡി എടുത്തത് കരുതൽ തടങ്കലിന്റെ ഭാഗമാണെന്നുമാണ് പൊലീസ് ന്യായീകരണം. പരുക്കേറ്റ യുവാക്കൾ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അഞ്ചുതെങ്ങ് എസ്എച്ഒയ്ക്കും പോലീസുകാർക്കും എതിരെ നടപടി ആവശ്യപ്പെട്ട് യുവാക്കൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരിക്കുകയാണ്.