തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ വീട് കുത്തിത്തുറന്ന് 42 പവന്‍ സ്വര്‍ണവും വെള്ളിയാഭരണങ്ങളും മോഷ്ടിച്ച കേസില്‍ ഒരുവര്‍ഷമായിട്ടും പ്രതി കാണാമറയത്ത്. കള്ളനെ കിട്ടാത്തതുകാരണം മൂന്നാംവട്ടവും കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ഒരിക്കല്‍ പ്രതിക്കരികില്‍ വരെയെത്തിയപ്പോള്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ മാറ്റിയെന്ന് ആരോപണമുയര്‍ന്ന കേസിലാണ് വീണ്ടും ഒളിച്ചുകളി.
2024 ഏപ്രില്‍ 28നാണ് വിളപ്പില്‍ശാല സ്വദേശി ജസ്മിയുടെ വീട് കള്ളന്‍ കുത്തിത്തുറന്നത്. ജസ്മിയും ബന്ധുക്കളും കുടുംബ വീട്ടിലേക്ക് പോയതക്കം നോക്കിയായിരുന്നു കള്ളന്‍റെ വരവ്. 42 പവന്‍ സ്വര്‍ണാഭരണങ്ങളും വെള്ളിയാഭരണങ്ങളും മറ്റുചില വസ്തുക്കളുമായി കക്ഷി മുങ്ങി. ജസ്മിയും വീട്ടുകാരും തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. കള്ളനെ പിടിക്കാന്‍ പൊലീസ് തലങ്ങും വിലങ്ങും ഓടി. വീട്ടുകാരും അയല്‍ക്കാരും അറിയാവുന്ന വിവരങ്ങളെല്ലാം നല്‍കി. കള്ളനെ കിട്ടാതെ വന്നതോടെ നാട്ടുകാരും പേടിച്ചു. മോഷണം ഭയന്ന് വീടുവിട്ടിറങ്ങാന്‍ പോലും പലര്‍ക്കും പേടിയായി. കള്ളനെ കിട്ടാതെ വന്നതോടെ മൂന്നുമാസം കഴിഞ്ഞപ്പോള്‍ കേസ് അവസാനിപ്പിക്കാന്‍ പൊലീസ് തിടുക്കം കൂട്ടി.
വീട്ടുകാര്‍ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയതോടെയാണ് അന്വേഷണം പുനരാരംഭിച്ചത്. എന്നാല്‍ കള്ളനെ മാത്രം കിട്ടിയില്ല. ആദ്യം കേസ് അന്വേഷിച്ച സംഘം മോഷ്ടാവിനെ പിടികൂടുന്നതിന് തൊട്ടടുത്തെത്തിയന്ന സൂചന ശക്തമായപ്പോഴാണ് സിഐയ്ക്ക് സ്ഥലംമാറ്റം വന്നത്. അതില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിക്കുന്നു. അതിനുശേഷമാണ് അന്വേഷണം പൂര്‍ണമായി മരവിപ്പിച്ചതെന്ന് അവര്‍ ആരോപിക്കുന്നു.
42 പവന്‍ സ്വര്‍ണത്തിന് മാത്രം ഇപ്പോള്‍ 30 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലവരും. ആഭരണമാകുമ്പോള്‍ വില പിന്നെയും കൂടും. മോഷ്ടിക്കപ്പെട്ട വെള്ളിയാഭരണങ്ങളുടെ കൂടി വില ചേര്‍ക്കുമ്പോള്‍ ജസ്മിക്കും കുടുംബത്തിനും ഉണ്ടായ നഷ്ടം വളരെ വലുതാണ്. മോഷണശൈലി വിലയിരുത്തിയും ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചും മൊഴികള്‍ വിശകലനം ചെയ്തുമെല്ലാം മെച്ചപ്പെട്ട രീതിയില്‍ അന്വേഷിച്ചാല്‍ കള്ളനെ പിടിക്കാന്‍ കഴിയുമെന്നാണ് നാട്ടുകാരുടെ നിലപാട്. പൊലീസ് കേള്‍ക്കുന്നുണ്ടോ ആവോ!