തൃശൂര്‍ തൃത്തല്ലൂരില്‍ മദ്യലഹരിയില്‍ ഡ്രൈവറെ ടെറസില്‍ നിന്ന് താഴെയിട്ട് തലയ്ക്കടിച്ചു കൊന്നു. സഹപ്രവര്‍ത്തകനായ ഡ്രൈവറായിരുന്നു കൊലയാളി. പത്തനംതിട്ട അടൂര്‍ സ്വദേശിയായ അനില്‍കുമാറും കോട്ടയം സ്വദേശിയായ ഷാജന്‍ ചാക്കോയും ദീര്‍ഘകാലമായി സുഹൃത്തുക്കളായിരുന്നു. തൃത്തല്ലൂരിലെ ഹരിശ്രീ അരിഗോഡൗണില്‍ ഏറെക്കാലമായി ഡ്രൈവറാണ് ഷാജന്‍. നാലു മാസം മുമ്പ് അനില്‍കുമാറിനെ ഇതേഗോഡൗണില്‍ ജോലിയ്ക്കു കൊണ്ടുവന്നത് ഷാജനായിരുന്നു.
ഇരുവരും ഇന്നലെ രാത്രി ടറസിലിരുന്നു മദ്യപിക്കുമ്പോള്‍ തര്‍ക്കമുണ്ടായി. ജോലി സമയത്തു ഷാജന്‍ മദ്യപിച്ച് വണ്ടിയോടിക്കുന്നതായിരുന്നു ചര്‍ച്ച. മദ്യപിച്ച് വണ്ടിയോടിക്കുന്നത് തുടര്‍ന്നാല്‍ ഉടമയോട് പറയുമെന്ന് അനില്‍കുമാര്‍ പറഞ്ഞു. ഇതില്‍ പ്രകോപതിനായ ഷാജന്‍ മദ്യലഹരിയില്‍ അനില്‍കുമാറിനെ തള്ളി താഴെയിട്ടു.
താഴെ ഇറങ്ങിച്ചെന്ന് കോണ്‍ക്രീറ്റ് കട്ട കൊണ്ട് തലയ്ക്കടിച്ച് മരണം ഉറപ്പാക്കി. ഇതിനു ശേഷം, ഗോഡൗണ്‍ ഉടമയേയും വാടാനപ്പിള്ളി പൊലീസിനേയും ഫോണില്‍ വിവരമറിയിച്ചു. ഏങ്ങണ്ടിയൂര്‍ എം.ഐ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അനില്‍കുമാറിനെ രക്ഷിക്കാനായില്ല. ഷാജനെ വാടാനപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു.