സ്ഥലം കൊല്ലം ജില്ലയിലെ കൊട്ടിയം... അവിടത്തെ അറിയപ്പെടുന്ന ബാർ ഹോട്ടലിൽ എത്തിയ ഒരു ജെന്റിൽമാനെപ്പറ്റിയുള്ള രസകരമായ സംഭവമാണിത്. ബാറിൽ ജോലി ചെയ്യുന്ന ഒരു പാവപ്പെട്ട ജീവനക്കാരന്റെ അഞ്ചുദിവസത്തെ ശമ്പളം അടിച്ചുകൊണ്ടു പോയ ആളാണ് ഈ ജെന്റില്‍മാന്‍.
മെയ് രണ്ട്, വൈകിട്ട് 7 മണി. ജീൻസും ഷർട്ടും ഷൂസും ധരിച്ച്, വിലകൂടിയ വാച്ചുകെട്ടി, കൈയിൽ 2 കവറും ഒരു ബാഗുമായി മാന്യന്‍ ബാറിന്റെ ഗേറ്റിലെത്തുന്നു. സെക്യൂരിറ്റി ഗാര്‍ഡിനോട് എസി ബാറിലേക്കുള്ള വഴി എവിടെയെന്ന് ചോദ്യം. കണ്ടാല്‍ വിഐപി ലുക്കുള്ളതുകൊണ്ട് സെക്യൂരിറ്റി ഒപ്പംപോയി ആളെ എക്സിക്യൂട്ടിവ് ബാറിലെത്തിക്കുന്നു.
ബാറില്‍ ഇരിപ്പുറപ്പിച്ചശേഷം കക്ഷി കവറും ബാഗുമൊക്കെ മേശപ്പുറത്തുവച്ച് ഓര്‍ഡര്‍ എടുക്കാന്‍ ആളെ വിളിച്ചു. ബാറിലെ ടിവിയിൽ ഐപിഎൽ മല്‍സരം വച്ചിട്ടുണ്ട്. അതിലേക്കൊന്ന് കണ്ണോടിച്ച ശേഷം, ആദ്യം ഒരു ബിയർ പറഞ്ഞു, അതും അകത്താക്കി ഏതോ ഇംഗ്ലീഷ് പുസ്തകം ക്ഷമയോടെ വായിക്കുകയാണ് ടിയാൻ. ആദ്യത്തെ ബിയർ കാലിയാക്കിയ ശേഷം ഒരെണ്ണം കൂടി പറഞ്ഞു. ഒപ്പം ഒരു ചില്ലി ചിക്കനും...
പുസ്തകം വായിച്ചുകൊണ്ട് ഇതെല്ലാം ഫിനിഷ് ചെയ്ത ശേഷം 2 പെഗ് മുന്തിയ വൈറ്റ് റം കൂടി ഓർഡർ ചെയ്തു. അതില്‍ ഒഴിച്ചുകുടിക്കാന്‍ ഒരു കൂള്‍ ഡ്രിങ്കും. ഇതെല്ലാം തീര്‍ന്നപ്പോള്‍ രണ്ട് ബിയർ കൂടി വരുത്തി. പിന്നെയും തൃപ്തി വരാതെ ഒരു എഗ് ചില്ലി കൂടി. ശേഷം തൊട്ടടുത്ത ടേബിളിൽ ഇരിക്കുകയായിരുന്ന യുവാക്കളുടെ ഒപ്പം പോയിരുന്ന് സൗഹൃദമുണ്ടാക്കി. ഒരു പരിചയവുമില്ലാത്തവരുമായി കമ്പനിയാകാന്‍ അയാള്‍ക്ക് നിമിഷനേരം മതിയായിരുന്നു.
മൊത്തം നാലുബിയറും രണ്ട് പെഗും അകത്താക്കിയിട്ടും കുടി നിർത്തുന്നില്ല. ഏറ്റവും ഒടുവിലായി ഒരു ബിയർ കൂടി പറഞ്ഞു. അത് അകത്താക്കിക്കൊണ്ടിരിക്കുമ്പോള്‍ അര മണിക്കൂറിനകം ബാർ അടയ്ക്കുമെന്നും കൂടുതല്‍ എന്തെങ്കിലും ആവശ്യമുണ്ടോ എന്നും ജീവനക്കാർ ചോദിച്ചു. മറ്റൊന്നും വേണ്ടെന്ന് അറിയിച്ച ശേഷം, ഒരു ജീവനക്കാരനെ വിളിച്ച് ചിക്കൻ ചില്ലിയിൽ സോസ് കൂടിപ്പോയെന്ന് പരിഭവം കൂടി പറഞ്ഞു. വളരെ മാന്യമായാണ് പരാതി പറയുന്നത്. സ്ഥിരം കുക്ക് ലീവായതിനാൽ സംഭവിച്ചതാണെന്നും ഇനി ഇങ്ങനെ ഉണ്ടാകില്ലെന്നും അറിയിച്ച ശേഷം ജീവനക്കാരൻ കൗണ്ടറിലേക്ക് നടന്നു.
അവസാന കുപ്പി ബിയറിൽ നിന്ന് ഒരു ഗ്ലാസ് കുടിച്ച ശേഷം, പതിയെ അയാൾ കൗണ്ടറിലെത്തി ഒരു ഹോട്ടൽ ജീവനക്കാരനെ വിളിച്ചു. തന്റെ കവറിലും ബാഗിലും വില കൂടിയ സാധനങ്ങളുണ്ടെന്നും അത് അവിടെ വച്ച ശേഷം ഒരു സിഗരറ്റ് വലിച്ചു വരാമെന്നും പറയുന്നു. അങ്ങനെ ബാഗും കവറുമെടുത്ത് ആദ്യം കൗണ്ടറിനടുത്തുള്ള കസേരയിൽ വെച്ചു. പിന്നീട് അതെടുത്ത് ടേബിളിന് പുറത്ത് സുരക്ഷിതമായി വെച്ചശേഷം പുക വലിക്കാനെന്ന് പറഞ്ഞ് രണ്ട് പോക്കറ്റിലും കൈയിട്ടുകൊണ്ട് പതിയെ നടന്നകന്നു... പിന്നെ അയാളെ ആരും കണ്ടിട്ടില്ല! ഒടുവിലത്തെ ബിയറിൽ അല്‍പം ബാക്കിയിരിക്കുന്നത് ഒഴിച്ചാൽ, ഇത്ര മദ്യപിച്ചിട്ടും പുള്ളിക്ക് യാതൊരു കുലുക്കവുമില്ല.
അഞ്ചുമിനിട്ട് കഴിഞ്ഞിട്ടും ആളെ കാണാതായതോടെ ബിയർ സെര്‍വ് ചെയ്ത ജീവനക്കാരൻ പുറത്തെല്ലാം തപ്പി. അയാളുടെ പൊടിപോലുമില്ല. മാനേജരെ അറിയിച്ചതോടെ ആ രാത്രി തന്നെ കൊട്ടിയം ബസ് സ്റ്റാൻഡിലും പരിസരത്തുമെല്ലാം തിരക്കി. ഒരിടത്തും ആളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ അയാളുടെ ബാഗും കവറും തുറക്കാന്‍ തീരുമാനിച്ചു, മേൽവിലാസമോ ഫോൺ നമ്പരോ കിട്ടിയാൽ ബന്ധപ്പെടാമല്ലോ. അതല്ല പണമുണ്ടെങ്കിൽ ബാറിലെ ബില്ല് സെറ്റിൽ ചെയ്യാം. പണം കിട്ടിയില്ലെങ്കിൽ അയാൾക്ക് ബിയറും മദ്യവും വിളമ്പിയ പാവം ജീവനക്കാരന്റെ അഞ്ചുദിവസത്തെ ശമ്പളം കട്ടാവും. 2500 രൂപയ്ക്കടുത്താണ് ബാറിലെ ബില്ല്.
ബാഗ് തുറക്കുമ്പോൾ ഒരു ഇംഗ്ലീഷ് പുസ്തകം മാത്രമാണുള്ളത്. കവറിലാകട്ടെ വർണക്കടലാസിൽ പൊതിഞ്ഞു വെച്ചിരുന്നത് മുഷിഞ്ഞ പഴയ തുണികളും!.. കവർ തുറന്നതോടെ കഴുകാത്ത വിയർപ്പ് പറ്റിയ തുണിയുടെ ദുർഗന്ധം പരന്നു. ബാർ ജീവനക്കാരനും മാനേജരും മൂക്കുപൊത്തി. അതോടെ അവര്‍ക്ക് മെല്ലെ കാര്യങ്ങള്‍ ബോധ്യപ്പെട്ടു. നല്ല വൃത്തിയായി കബളിപ്പിക്കപ്പെട്ടിരിക്കുന്നു. സിസിടിവി ദൃശ്യങ്ങളിൽ ജെന്റിൽമാന്റെ മുഖം വ്യക്തം. 45 വയസ് തോന്നിക്കും. പലരെയും ദൃശ്യങ്ങൾ കാണിച്ചെങ്കിലും ആളെ കണ്ടവരില്ല. ഇനിയും ഇതേ അടവുമായി അയാള്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള പല ബാറുകളിലും വന്നേക്കാം. എല്ലാം കഴിയുമ്പോൾ പഴന്തുണികൾ അടങ്ങിയ ബാഗും സൂക്ഷിക്കാൻ ഏൽപ്പിച്ച് അപ്രത്യക്ഷനായേക്കാം. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കിൽ ഈ മുഖമൊന്ന് ഓർത്ത് വെച്ചോളൂ.