ആലപ്പുഴയിൽ ബൈക്കോടിച്ച് കടയിലേക്ക് കയറ്റിയ ശേഷം കുഴിമന്തിക്കട പൊലിസുകാരൻ അടിച്ചു തകർത്തു. ആലപ്പുഴ വാടയ്ക്കൽ സ്വദേശിയായ കെ.ജെ.ജോസഫ് എന്ന പൊലീസുകാരനാണ് വലിയ ചുടുകാടിന് സമീപത്തെ  കുഴിമന്തിക്കട വെട്ടുകത്തികൊണ്ട് അടിച്ചുതകർത്തത്. ഭക്ഷ്യവിഷബാധ ആരോപിച്ചാണ് കട തകർത്തത്. ജോസഫിനെ സൗത്ത് പൊലിസ് കസ്റ്റഡിയിൽ എടുത്തു

ഇതെല്ലാം ചെയ്തു കൂട്ടിയത് എതെങ്കിലും ഗുണ്ടയോ ക്രിമിനലോ അല്ല, ഒരു നിയമപാലകൻ. വൈകുന്നേരം അഞ്ചര മണിയോടെയാണ് ആലപ്പുഴ വലിയ ചുടുകാട് ജങ്ങ്ഷന് സമീപം പ്രവർത്തിക്കുന്ന കുഴിമന്തിക്കടയ്ക്ക് നേരെ ആക്രമണം നടന്നത്.ചങ്ങനാശേരി ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരനായ കെ.ജെ ജോസഫാണ് അക്രമം നടത്തിയത് .കടയിലേക്ക് ബൈക്ക് ഓടിച്ച് കയറ്റിയ ജോസഫ് പിന്നീട് കൈയ്യിലിരുന്ന വെട്ടുകത്തി കൊണ്ട് കടയുടെ ചില്ലുകൾ അടിച്ചു തകർത്തു. ഭക്ഷ്യവസ്തുക്കളും ശീതള പാനീയങ്ങളും സൂക്ഷിച്ചിരുന്ന അലമാരകളും വെട്ടിപ്പൊളിച്ചു. ബൈക്ക് ഹോട്ടലിന് അകത്ത് കിടക്കുകയാണ്. ഏതാനും ദിവസം മുമ്പ് ഈ കടയിൽ നിന്ന് ജോസഫ് ഭക്ഷണം വാങ്ങിയിരുന്നു. ഇത് കഴിച്ച ജോസഫിന്റെ കുട്ടിക്ക് അസുഖം ഉണ്ടായി. ആശുപത്രിയിൽ എത്തിച്ചപ്പോൾ ഭക്ഷ്യവിഷബാധയാണെന്ന് കണ്ടെത്തി. മെഡി. കോളജ് ആശുപത്രിയിൽ ഒരു ദിവസം കഴിഞ്ഞ കുട്ടിയെ ഇന്നലെ ഡിസ്ചാർജ് ചെയ്തു. ഇന്ന് ജോലിക്ക് പോയി മടങ്ങിവരും വഴി കുട്ടിക്ക് വീണ്ടും അസ്വസ്ഥതയുണ്ടായെന്ന വിവരമറിഞ്ഞു. ഇതേ തുടർന്നാണ് മദ്യപിച്ച ശേഷം പ്രകോപിതനായി അക്രമം നടത്തിയതെന്നാണ് വിവരം. അക്രമം നടത്തുമ്പോൾ ജോസഫ് മദ്യ ലഹരിയിലായിരുന്നു

വിവരമറിഞ്ഞ് കടയ്ക്കു മുന്നിൽ ആളുകൾ തടിച്ചു കൂടി. അക്രമത്തിനു ശേഷം പുറത്തിറങ്ങിയ ജോസഫിന് ഒരു കൂസലുമില്ലായിരുന്നു. പൊലിസുകാർ എത്തിയപ്പോഴും ഇയാളുടെ ദേഷ്യം അടങ്ങിയിരുന്നില്ല. ജോസഫിനെ ആലപ്പുഴ സൗത്ത് പൊലിസ് കസ്റ്റഡിയിൽ എടുത്തു വൈദ്യപരിശോധന നടത്തി. തുടർന്ന് കേസെടുത്തു. വകുപ്പുതല നടപടിയും ഉണ്ടാകും

ENGLISH SUMMARY:

police attacked hotel