ആലപ്പുഴയില്‍ കുഴിമന്തി കട ആക്രമിച്ചു തകർത്ത പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. വധശ്രമം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയാണ് കേസെടുത്തത്.
ചങ്ങനാശ്ശേരി ട്രാഫിക് പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ കെ.എഫ്. ജോസഫാണ് കട ആക്രമിച്ചത്. കട ആക്രമണം തെറ്റായിപ്പോയെന്ന് സമ്മതിച്ച ജോസഫ് സ്വന്തം മക്കൾക്ക് ഇങ്ങനെ സംഭവിച്ചാൽ എന്തുചെയ്യുമെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇന്നലെ വൈകിട്ടാണ് ആലപ്പുഴ വലിയ ചുടുകാട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കുഴിമന്തി കടയ്ക്ക് നേരെ ആക്രമണം നടന്നത്. ഈ കടയില്‍ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ച മകന് ഭക്ഷ്യവിഷബാധ ഉണ്ടായെന്ന് ആരോപിച്ചാണ് പോലീസുകാരനായ ജോസഫ് കട അടിച്ചു തകർത്തത്. കടയിലേക്ക് ബൈക്ക് ഓടിച്ച് കയറ്റിയ ജോസഫ് ആദ്യം മുൻവശത്തെ ചില്ലുകള്‍ തകർത്തു. കയ്യിലിരുന്ന വെട്ടുകത്തി ഉപയോഗിച്ച് മറ്റ് ചില്ലുകളും അടിച്ച് തകർത്തു.ജീവനക്കാരയെും മര്‍ദിച്ചു, ജോസഫ് മദ്യലഹരിയിൽ ആയിരുന്നു എന്നാണ് കടയിലുണ്ടായിരുന്നവരുടെ മൊഴി. ചങ്ങനാശേരി ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരനായ ജോസഫിനെതിരെ ആലപ്പുഴ സൗത്ത് പോലീസ് വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു.തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു .പൊലീസുകാരൻ നടത്തിയ അക്രമത്തെ ഗൗരവമായി കാണണമെന്ന് കേരള ഹോട്ടൽ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ജോസഫിനെ ഇന്ന് കടയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. തെറ്റ് പറ്റിപ്പോയെന്ന് ജോസഫ് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചു. ജോസഫിനെതിരെ ക്രിമിനൽ കേസെടുത്ത വിവരം ആലപ്പുഴയില്‍നിന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചു.