thrithala-asi

TOPICS COVERED

പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴി ദുരുപയോഗം ചെയ്ത് യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ തൃത്താല സ്റ്റേഷനിലെ എഎസ്ഐയ്ക്ക് സസ്പെന്‍ഷന്‍. എഎസ്ഐ കാജാ ഹുസൈനെയാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ജില്ലാ പൊലീസ് മേധാവി സസ്പെന്‍ഡ് ചെയ്തത്.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

തൃത്താല പൊലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ അന്വേഷിക്കുന്ന പീഡനക്കേസിലായിരുന്നു എഎസ്ഐയുടെ കൈകടത്തല്‍. അതിജീവിതയായ പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പീഡിപ്പിച്ചയാളെക്കുറിച്ചും മറ്റൊരു യുവാവിനെതിരെയും പരാമര്‍ശമുണ്ടായിരുന്നു. ഈ യുവാവിനെ ഇന്‍സ്പെക്ടറില്ലാത്ത സമയം എഎസ്ഐ ഫോണില്‍ ബന്ധപ്പെട്ട് പണം ആവശ്യപ്പെട്ടുവെന്നാണ് പരാതി. യുവാവിനോട് നേരിട്ടെത്തി പണം നല്‍കണമെന്നും അല്ലെങ്കില്‍ കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഹേമാംബിക നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സ്ഥലത്ത് എഎസ്ഐയും യുവാവും നേരില്‍ക്കണ്ട് സംസാരിച്ചു. 

കേസുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് യുവാവ് പറഞ്ഞെങ്കിലും എഎസ്ഐ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കാന്‍ ശ്രമിച്ചുവെന്നാണ് ആക്ഷേപം. പിന്നീട് പണം നല്‍കാമെന്നറിയിച്ച് യുവാവ് മടങ്ങി. തുടര്‍ന്ന് യുവാവിന്റെ പരാതിയില്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിന് എഎസ്ഐയ്ക്കെതിരെ ഹേമാംബിക നഗര്‍ പൊലീസ് കേസെടുത്തു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരിശോധനയില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞു. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയും എഎസ്ഐയ്ക്ക് പിഴവുണ്ടായെന്ന് കാട്ടി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവി സസ്പെന്‍ഷന്‍ ഉത്തരവിറക്കിയത്.