vytila-theft-thumb

TOPICS COVERED

  • മോഷ്ടിച്ച വസ്ത്രങ്ങള്‍ ധരിച്ച് കവര്‍ച്ച
  • മടങ്ങുംവഴി വസ്ത്രം ഉപേക്ഷിക്കും
  • വിരലടയാളം പോലും അവശേഷിപ്പിക്കില്ല

ശാസ്ത്രീയമായൊരു മോഷണ പരിശീലനം. കൊച്ചി പനമ്പള്ളി നഗറിലെ മോഷണവുമായി ബന്ധപ്പെട്ട് പിടയിലായ നസറുദ്ദീന്‍ ഷാ മോഷണത്തിനൊപ്പം ഒരുമോഷണസ്കൂളും നടത്തിയരുന്നോ എന്ന് പൊലീസിന് സംശയം.

vytila-theft-01

വൈറ്റിലയിലെ വീട്ടില്‍ നടന്ന മോഷണത്തിന്‍റെ സിസിടിവി ദൃശ്യം

കൊച്ചിയെ നടുക്കി രണ്ടിടത്തായിരുന്നു കഴിഞ്ഞദിവസങ്ങളില്‍ വന്‍കവര്‍ച്ച നടന്നത്. സിസിടിവി ദ്യശ്യങ്ങള്‍ കണ്ട പൊലീസ് ശരിക്കും ഞെട്ടി. രണ്ടും തനിപ്പകര്‍പ്പ്. ഒടുവില്‍ അന്വേഷണം എത്തിച്ചേര്‍ന്നതാകട്ടെ കൊടുംകുറ്റവാളി നസറുദീന്‍ ഷായിലേക്ക്. പക്ഷേ ട്വിസ്റ്റ് അവിടെയായരുന്നില്ല. രണ്ടു മോഷണങ്ങളിലും ഒപ്പമുമുണ്ടായിരുന്നത് പ്രായപൂര്‍ത്തിയാകാത്ത പയ്യന്‍. തിയറി ക്ലാസെല്ലാം കഴിഞ്ഞ് ട്രെയിനിയുമായി നസറുദീന്‍ പ്രായോഗിക പരിശീലനത്തിനിറങ്ങിയാതായിരുന്നോ എന്നാണ് പൊലീസിപ്പോള്‍ പരിശോധിക്കുന്നത്. 

ജൂണ്‍ പതിനാറിനായിരുന്നു കൊച്ചി പനമ്പള്ളി നഗറിലെ വീട്ടില്‍ മോഷണം നടന്നത്. വീട്ടുകാര്‍ ഇല്ലാത്ത സമയം നോക്കി മാരാകായുധങ്ങളുമായെത്തി രണ്ടുപേര്‍ വീട്ടില്‍ കയറി ഓരോ മുറിയും അരിച്ചുപെറുക്കി. ഒരുമണിക്കൂര്‍ നീണ്ട നീണ്ട ശ്രമം . വീട്ടിനകത്തും പുറത്തുമായി സ്ഥാപിച്ചിരുന്ന പതിമൂന്ന്  സിസിടിവി ക്യാമറകളില്‍ മോഷണ ദൃശ്യങ്ങള്‍ പതിഞ്ഞു. മോഷണത്തിലെ ‘പ്രൊഫഷണലിസം’ കണ്ട പൊലീസ് ഉറപ്പിച്ചു, പ്രതി സ്ഥിരം കുറ്റവാളിതന്നെ. ഈ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു എറണാകുളം സൗത്ത് പൊലീസിന്‍റെ അന്വേഷണം. 

panambilly-robbery-cctv

പനമ്പള്ളിയിലില്‍ നടന്ന മോഷണം ​| സിസിടിവി ദൃശ്യം

പനമ്പള്ളി നഗറിലെ മോഷണത്തിന് ശേഷം ചൊവ്വാഴ്ച പുലര്‍ച്ചെ വൈറ്റിലയിലെ ആളില്ലാത്ത വീട്ടിലും മോഷണം നടന്നു.  കമ്പിപ്പാരയുമായി മതില്‍ ചാടികടന്നാണ്  പ്രതികള്‍ എത്തിയത്.  മുറികളില്‍ കയറിയിറങ്ങി പരിശോധന. ഇവിടെയും പ്രതികള്‍ സിസിടിവി ക്യാമറയില്‍ കുടുങ്ങി. ഒടുവില്‍ പൊലീസ് ഉറപ്പിച്ചു, രണ്ട് മോഷണത്തിനും പിന്നില്‍ ഒരേ പ്രതികള്‍ തന്നെ!

പൊലീസിന്റെ കണ്ണുവെട്ടിക്കാന്‍ കൃത്യമായ ആസുത്രണത്തോടെയാണ് അസറുദ്ദീന്‍ എന്നറിയപ്പെടുന്ന നസുറിദ്ദിന്‍ ഷായുടെ ഓരോ മോഷണവും. റെയില്‍വെ ട്രാക്കുകളിലൂടെ സഞ്ചരിച്ച് പരിസരത്ത് പൂട്ടികിടക്കുന്ന വീടുകള്‍ കണ്ടെത്തും, പിന്നാലെ മോഷണം. ആയുധങ്ങള്‍ മോഷണം നടത്തുന്ന വീട്ടില്‍ നിന്നോ അയലത്തെ മറ്റ് വീടുകളില്‍ നിന്നോ കണ്ടെത്തും. വിരലടയാളം പോലും അവശേഷിപ്പിക്കാതെ മോഷണം നടത്താനുള്ള ഇയാളുടെ വൈദഗ്ധ്യവും പൊലീസിനെ അത്ഭുതപ്പെടുത്തുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ വസ്ത്രങ്ങള്‍ മോഷ്ടിച്ച് ഇത് ധരിച്ചാണ് മോഷണം. മടങ്ങുംവഴി ഈ വസ്ത്രം ഉപേക്ഷിക്കും സിസിടിവി ക്യാമറകളെ പിന്തുടര്‍ന്ന് പ്രതികളെ കണ്ടെത്താന്‍ ശ്രമിക്കുന്ന  പൊലീസിനെ ആശയക്കുഴപ്പത്തിലാക്കാനാണിത്. 

kochi-theft-nasseruddin-shah

അസറുദ്ദീന്‍ എന്നറിയപ്പെടുന്ന നസുറിദ്ദിന്‍ ഷാ

മോഷണത്തിന് നസുറിദ്ദിന്‍ കൂട്ടാളികളായി എപ്പോളും കൂടെകൂട്ടുന്നത് പ്രായപൂര്‍ത്തിയാകാത്തവരെയായിരിക്കും. ഈ പണിക്കിറങ്ങാന്‍ താല്‍പര്യമുള്ളവരെ കണ്ടെത്തി ഒപ്പം കൂട്ടും. ഒരുതരത്തില്‍ ഒരു മോഷണ പരിശീലനം .  പനമ്പിള്ളി നഗറിലെ വീട്ടില്‍ നിന്നും ഒരു ലക്ഷം രൂപയും ഒരു വാച്ചുമായാണ് പ്രതികള്‍ കടന്നത്. മോഷണത്തിന് ശേഷം സൗത്ത് റെയില്‍വെ സ്റ്റേഷന് സമീപം ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചിരുന്ന പ്രതികള്‍ പിറ്റേ ദിവസം തന്നെ സ്ഥലംവിട്ടു. പിന്നാലെ കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം എന്നിങ്ങനെ പല ജില്ലകളില്‍ കറങ്ങി മോഷണശ്രമങ്ങള്‍. പക്ഷെ ഒന്നും വിജയിച്ചില്ല. ഒടുവില്‍ കൊച്ചിയില്‍ മടങ്ങിയെത്തി. 

 

പിന്നാലെയാണ് വൈറ്റിലയിലെ മോഷണം. മൂന്ന് ലക്ഷം രൂപയുടെ ആഭരണങ്ങളാണ് ഇവിടെ നിന്നും കവര്‍ന്നത്. എന്തായാലും വൈറ്റിലയിലെ മോഷണം കഴിഞ്ഞ് പന്ത്രണ്ട് മണിക്കൂറിനകം പൊലീസ് പ്രതികളെ പിടികൂടി. മോഷണത്തിന് ശേഷം നോര്‍ത്തിലെ ലോഡ്ജില്‍ വിശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. സ്വര്‍ണാഭരണങ്ങളും പണവും ഇവരില്‍ നിന്ന് കണ്ടെത്തി. തിരുവനന്തപുരം ബീമാപള്ളി സ്വദേശിയായ നസറുദ്ദീന്‍ ഷായ്‌ക്കെതിരെ ഒട്ടുമിക്ക ജില്ലകളിലും മോഷണക്കേസുകള്‍ നിലവിലുണ്ട്. തിരുവനന്തപുരത്ത് കാപ്പ കേസില്‍ പ്രതിയായ നസറുദീന്‍ പൊലീസിന്റെ കണ്ണ് വെട്ടിച്ച് നടക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കോഴിക്കോട് സ്വദേശിയാണ് കൂടെ പിടിയിലായത്. എറണാകുളം എസിപി പി. രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. 

ENGLISH SUMMARY:

Massive robbery in two locked houses in Kochi. The investigation pointing to the 'theft school', which included children. Nasuruddin Shah and his minor accomplice were arrested.