TOPICS COVERED

ബോളിവുഡ് നടൻ സൽമാൻ ഖാനെ കൊലപ്പെടുത്താൻ 25 ലക്ഷം രൂപയുടെ കരാർ നൽകിയതായി കാണിച്ച്  കേസില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം. ലോറൻസ് ബിഷ്‌ണോയിയുടെ ഗുണ്ടാ സംഘത്തിലെ അഞ്ച് പേർക്കെതിരെയാണ്  കുറ്റപത്രം സമർപ്പിച്ചത്. 

 ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിലെ പ്രതികൾ സൽമാൻ ഖാനെ കൊല്ലാൻ ആധുനിക ആയുധങ്ങൾ സ്വന്തമാക്കാൻ പദ്ധതിയിട്ടിരുന്നതായി നവി മുംബൈ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ഏപ്രിൽ 14ന് മോട്ടോർ ബൈക്കിലെത്തിയ രണ്ടുപേർ സൽമാൻ ഖാന്‍റെ വസതിക്ക് പുറത്ത് നിരവധി റൗണ്ട് വെടിയുതിർക്കുകയായിരുന്നു. സൽമാൻ ഖാന്‍റെ പൻവേലിലെ ഫാം ഹൗസിന് സമീപത്തുവെച്ച് ആക്രമിക്കാൻ സംഘം പദ്ധതിയിട്ടിരുന്നു.

വിദേശത്ത് നിന്ന് ആയുധങ്ങൾ എത്തിക്കാനാണ്  പദ്ധതിയിട്ടിരുന്നത്. 2022ൽ പഞ്ചാബി ഗായകൻ സിദ്ധു മൂസ്വാലയെ വെടിവെച്ചുകൊന്ന തുർക്കി നിർമിത സിഗാന പിസ്റ്റൾ ഉപയോഗിച്ച് നടനെ കൊലപ്പെടുത്താനായിരുന്നു സംഘത്തിന്‍റ നീക്കമെന്ന് അന്വേഷണത്തിൽ വ്യക്തമായി. നടനെ ആക്രമിക്കാൻ എം16, എകെ 47, എകെ 92 തോക്കുകൾ വാങ്ങാൻ പാക്കിസ്ഥാനിലെ ആയുധ ഇടപാടുകാരുമായി ബന്ധപ്പെട്ടിരുന്നതായി പ്രതികളിലൊരാൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. 17 പേർക്കെതിരെയാണ്  പൊലീസ് കേസെടുത്തത്

ഏപ്രിൽ 14ന് ബാന്ദ്രയിലെ  സൽമാൻ ഖാന്‍റെ വീടിന് പുറത്ത് നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് ലോറൻസ് ബിഷ്‌ണോയിയും ഇളയ സഹോദരൻ അൻമോൽ ബിഷ്‌ണോയിയും ഉൾപ്പെടെ സബർമതി ജയിലിലാണ്. സൽമാനെ ആക്രമിക്കാനുള്ള ഗൂഢാലോചനയെക്കുറിച്ച് പൻവേൽ പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്‌പെക്ടർക്ക് 2023 സെപ്‌റ്റംബർ-ഒക്‌ടോബർ മാസങ്ങളിൽ വിവരം ലഭിച്ചിരുന്നതായി പോലീസ് സോൺ II (പൻവേൽ) ഡെപ്യൂട്ടി കമ്മീഷണർ വിവേക് ​​പൻസാരെ പറഞ്ഞു. ഇതെത്തുടര്‍ന്ന് നവി മുംബൈ പോലീസ് ഉദ്യോഗസ്ഥരുടെ ഒരു സംഘം ബിഷ്‌ണോയി സംഘത്തിന്‍റെ വാട്ട്‌സ്ആപ്പിലേക്കും മറ്റ് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലേക്കും നുഴഞ്ഞുകയറുകയും  സംഭാഷണങ്ങൾ ട്രാക്ക് ചെയ്യുകയുമായിരുന്നു. 

 നടനെ വധിക്കാനായി 18 വയസ്സില്‍ താഴെ പ്രായമുള്ളവരെയും സംഘം റിക്രൂട്ട് ചെയ്തിരുന്നു. കൊലപാതക ശേഷം കന്യാകുമാരി വഴി ശ്രീലങ്കയിലേക്ക് കടക്കാനായിരുന്നു പദ്ധതിയെന്നും കുറ്റപത്രത്തിൽ പറയുന്നു. 

ENGLISH SUMMARY:

Bishnoi gang’s plot to kill Salman Khan: Rs 25 lakh contract