crime-gaziabad

TOPICS COVERED

സ്കൂളില്‍ യൂണിഫോം ധരിക്കാതെ എത്തിയത് ചോദ്യം ചെയ്തതിന് അധ്യാപകനെ തല്ലിക്കൊന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥി. മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ചും അധ്യാപകനെ വിദ്യാര്‍ഥി മര്‍ദിച്ചതായാണ് വിവരം. അസമിലെ ശിവസാഗര്‍ ജില്ലയിലാണ് സംഭവം. രാജേഷ് ബാബു എന്ന അധ്യാപകനാണ് കൊല്ലപ്പെട്ടത്.

ക്ലാസ് എടുത്തുകൊണ്ടിരിക്കെയാണ് വിദ്യാര്‍ഥി ക്ലാസിലേക്ക് കയറി വന്നത്. യൂണിഫോം ധരിക്കാത്തത് എന്താണെന്ന് അധ്യാപകന്‍ ചോദിച്ചു. ഇതോടെ പ്രകോപിതനായ വിദ്യാര്‍ഥി അധ്യാപകനെ ആയുധം കൊണ്ട് ആക്രമിക്കുകയായിരുന്നു. യൂണിഫോമിലെത്തിയ വിദ്യാര്‍ഥി ഇടയ്ക്ക് സ്കൂളില്‍ നിന്നും പുറത്തുപോയി. തിരിച്ചുവന്നപ്പോള്‍ മറ്റൊരു വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. ഇത് ചോദിച്ചപ്പോഴായിരുന്നു ആക്രമണമെന്ന് ദൃക്സാക്ഷിയായ മറ്റൊരു വിദ്യാര്‍ഥി മാധ്യമങ്ങളോട് പറഞ്ഞു.

‘അധ്യാപകന്‍ വളരെ സൗമ്യമായാണ് ആദ്യം അവനോട് സംസാരിച്ചത്. ക്ലാസില്‍ നിന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. അവനത് കേട്ടില്ല. അധ്യാപകന്‍ ദേഷ്യപ്പെട്ടപ്പോള്‍  പൊടുന്നനെ അവന്‍ അക്രമിക്കുകയായിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നേകാലോടെയായിരുന്നു സംഭവം. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല’ എന്നാണ് വിദ്യാര്‍ഥിയുടെ വെളിപ്പെടുത്തല്‍. 

കയ്യില്‍ കരുതിയിരുന്ന കത്തിയുപയോഗിച്ചാണ് വിദ്യാര്‍ഥി അധ്യാപകന്‍റെ തലയ്ക്കടിച്ചു വീഴ്ത്തിയതെന്നാണ് വിവരം. വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് സീനിയര്‍ പൊലീസ് ഓഫീസറായ മൊയ്ദുള്‍ ഇസ്ലാം വ്യക്തമാക്കി.

ENGLISH SUMMARY: