Image∙ Shutterstock - 1

അജു വർ​ഗീസ് പ്രധാന വേഷത്തിലെത്തിയ കേരളാ ക്രൈം ഫയൽസ് വലിയ പ്രേക്ഷകപ്രീതി നേടിയ മലയാളം വെബ് സീരീസുകളിലൊന്നായിരുന്നു. 2011 ല്‍ ഏറണാകുളം നോര്‍ത്ത് സ്റ്റേഷനടുത്തെ ലോഡ്ജില്‍ ലൈംഗിക തൊഴിലാളിയായ സ്ത്രീ കൊല്ലപ്പെടുന്നതും, കേരള പൊലീസ് പ്രതിയെ പിടികൂടുന്നതുമായിരുന്നു അതിന്റെ പ്രമേയം. അന്ന് പിടിയിലായ ശേഷം 7 വര്‍ഷം മുമ്പ് ജാമ്യത്തിലിറങ്ങി  മുങ്ങിയ  ആ കൊലക്കേസ് പ്രതി തിരുവനന്തപുരം സ്വദേശി ബിജുവിനെ പതിയിരുന്നും, പിറകേ ഓടിയും, ബന്ധുക്കളെ നിരന്തരം നിരീക്ഷിച്ചും ഒടുവില്‍ കൊച്ചി പൊലീസ് വീണ്ടും വലയിലാക്കിയിരിക്കുന്നു. അതും കമ്മട്ടിപ്പാടത്തുവെച്ച് വളരെ പണിപ്പെട്ട്.   

ഈ മിടുക്കന്‍മാര്‍ക്കൊക്കെ ഒരു വിചാരമുണ്ട്, നാട്ടില്‍ എന്തുപണിയും നടത്തിയിട്ട് രക്ഷപ്പെടാമെന്ന്.. പുറകെ ഓടും സാറേ കേരളാ പൊലീസ്. ഓടിച്ചിട്ട് പിടിക്കുകയും ചെയ്യും. കണ്ണൂര്‍ സ്ക്വാഡില്‍ മമ്മൂട്ടിയുടെ കഥാപാത്രം എസ്ഐ ജോര്‍ജ് പറയുന്ന ഡയലോഗ് അല്‍പമെന്ന് മയപ്പെടുത്തി എറണാകുളം നോര്‍ത്ത് സിഐ പ്രതാപചന്ദ്രനും വേണമെങ്കില്‍ പറയാം. രണ്ടാമതും പിടിയിലായ ശേഷം, പൊലീസിന് മുന്നിൽ കൂസലില്ലാതെ നിന്ന പ്രതി ബിജുവിന്റെ ആദ്യ ചോദ്യം സാറേ ഈ കഥയും സിനിമയാകുമോ എന്നായിരുന്നു.

2011ലാണ് ബിജു  ഒരു കൊലക്കേസില്‍ പ്രതിയാകുന്നത്. ആന്ധ്രയില്‍ നിന്ന് കൊച്ചിയിലെത്തി. ലൈംഗികതൊഴിലാളിയായി  ജീവിച്ചിരുന്ന സ്വപ്നയും  കൊച്ചിയില്‍ ഹോട്ടല്‍ ജോലികള്‍ ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി ബിജുവും തമ്മില്‍ അടുപ്പത്തിലായത് ഒറ്റദിനത്തെ കാഴ്ചയില്‍. രാവിലെ കലൂരില്‍  വച്ചു പരിചയപ്പെട്ട സ്വപ്നയുമായി ബിജു ഉച്ചയ്ക്ക് നോർത്തിലെ ലോഡ്ജിൽ മുറിയെടുത്തു. ഇരുവരും മുറിയിലിരുന്ന് നന്നായി മദ്യപിച്ചു.  ഇടയ്ക്ക്  പണത്തെ ചൊല്ലി ഇവർ തമ്മില്‍ വാക്കേറ്റമായി. ഒടുവില്‍  കഴുത്തിൽ ചുരിദാറിന്റെ ഷാൾ മുറുക്കി ബിജു സ്വപ്നയെ കൊന്നു. തുടര്‍ന്ന് മുറിപൂട്ടി ഒറ്റപ്പോക്ക്... 

ലോഡ്ജിൽ എത്തുന്നതിനു മുൻപ് മുറി ഉറപ്പാക്കാനായി ബിജു ഇവിടേക്കു ഫോൺ ചെയ്തിരുന്നു. ഫോണ്‍ വിളിയെത്തിയത് കച്ചേരിപ്പടിയിലെ കൊയിന്‍ ബൂത്തില്‍ നിന്നെന്ന് പൊലീസ് എളുപ്പം തിരിച്ചറഞ്ഞു. കച്ചേരിപ്പടിയിലെ ക്യാമറകളില്‍ നിന്ന് ഇരുവരുടെയും ദൃശ്യങ്ങള്‍ കണ്ടെടുത്തു.  പക്ഷേ വ്യക്തമായിരുന്നില്ല. ലോഡ്ജ് അധികൃതർ നൽകിയ വിവരങ്ങള്‍ കൂടി ചേര്‍ത്ത് പ്രതിയുടെ രേഖാചിത്രം തയാറാക്കി. നോർത്തിലെ ലോഡ്ജുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. ഒടുവില്‍ കൊലപാതകി കോങ്കണ്ണുള്ള ബിജുവാണെന്ന് തിരിച്ചറിഞ്ഞു. 

ഇയാൾ എറണാകുളത്ത് ആദ്യം ജോലിക്കു കയറിയ മാധവ ഫാർമസി ജം​ഗ്ഷനിലെ ഹോട്ടലിൽ നിന്ന്  യഥാർഥ അഡ്രസ് ലഭിച്ചു. ഇടപ്പള്ളിയിലെ ഒരു ഹോട്ടലിലെ ജീവനക്കാരിയുമായി ബിജു അടുപ്പത്തിലാണെന്നും പൊലീസ് കണ്ടെത്തി.  കൃത്യത്തിന് ശേഷം ഈ സ്ത്രീയെ ഇയാൾ ചാലക്കുടിയിൽ നിന്നു വിളിച്ചിരുന്നതായും വിവരം ലഭിച്ചു.  ഒടുവില്‍ കെഎസ്ആർടിസി സ്റ്റാൻഡിലെ കാന്റീനിൽ വെയിറ്ററായി ജോലി ചെയ്യുകയായിരുന്ന ബിജുവിനെ അന്നത്തെ അസിസ്റ്റന്‍ഡ് കമ്മിഷണര്‍ സുനില്‍ ജേക്കബിന്റെ നേതൃത്വത്തിലുള്ള  സംഘം അറസ്റ്റു ചെയ്തു 

കഥ അവിടെ അവസാനിക്കേണ്ടതായിരുന്നു. പക്ഷേ  2017ലാണ് അടുത്ത ട്വിസ്റ്റ്. അന്വേഷണം പൂര്‍ത്തീകരിച്ച്  കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിക്കപ്പെട്ട ശേഷം ജാമ്യത്തിലിറങ്ങിയ  ബിജു  ഒറ്റമുങ്ങൽ.  കേരളം തന്നെ വിട്ടു. പിന്നാലെ കേരള പൊലീസും.  തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര, ബിഹാര്‍ എന്നിവിടങ്ങളില്‍ പലജോലികളും ചെയ്ത് ഒളിവില്‍ കഴിഞ്ഞു. കേരള പൊലീസ് പിന്നാലെയുണ്ടെന്നറിഞ്ഞ് നിരന്തരം സ്ഥലം മാറിക്കൊണ്ടിരുന്നു. ഇതിനിടെ കൊവിഡ് നിയന്ത്രണങ്ങള്‍ വന്നതോടെ അന്വേഷണം മന്ദഗതിയിലായി.  മൂന്നുവര്‍ഷം നീണ്ട പ്രവാസം നിർത്തി ബിജു ആരുമറിയാതെ കേരളത്തില്‍ മടങ്ങിയെത്തി. ആള്‍മാറാട്ടം നടത്തി പലേടങ്ങളിലും ജോലി ചെയ്തു. ഒടുവില്‍ തട്ടകമായ കൊച്ചിയില്‍ മടങ്ങിയെത്തി. കമ്മട്ടിപ്പാടത്ത് താമസവുമാക്കി. 

കേരളത്തിലെത്തിയ ബിജു വീട്ടുകാരുമായി നിരന്തരം ബന്ധപെട്ടിരുന്നു. പക്ഷേ ഒന്നും നേരിട്ടായിരുന്നില്ല. കൂട്ടുകാർ വഴിയും ഫോണ്‍വിളിച്ചും വീട്ടിലെ വിവരങ്ങലെല്ലാം കൃത്യമായറിഞ്ഞു.  ഇതിനിടെയായിരുന്നു പിതാവിന്റെ മരണം. അതോടെ ബിജു വീട്ടിലെത്തുമെന്ന പ്രതീക്ഷയില്‍ പൊലീസ് കാത്തു നിന്നെങ്കിലും നിരാശയായിരുന്നു ഫലം. എറെ അടുപ്പമുണ്ടായിരുന്ന സഹോദരന്റെ മക്കള്‍ മരിച്ചപ്പോഴും ബിജു എത്തിയില്ല. ഇതിനിടെ ബിജുവിന്റെ പുതിയ ഫോണ്‍നമ്പര്‍ കണ്ടെത്തി സൈബര്‍ പൊലീസ്. ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ച് നീങ്ങിയ നോര്‍ത്ത് പൊലീസ് കമ്മട്ടിപ്പാടത്തെ  ഇയാളുടെ വാടകവീടും കണ്ടെത്തി. ഒടുവില്‍ വീടുവളഞ്ഞ് ബിജുവിനെ അകത്താക്കി. അങ്ങനെ 7വര്‍ഷം മുമ്പ് ജാമ്യത്തിലിറങ്ങി  മുങ്ങിയ കൊലക്കേസ് പ്രതി വീണ്ടും അഴിക്കുള്ളിൽ.. 

ENGLISH SUMMARY:

'Kerala Crime Files' murderer Biju arrested again