Photo Credit; X

മരിച്ചുവെന്ന് കോടതി പ്രഖ്യാപിച്ച ആളെ സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റ് ചെയ്ത് സിബിഐ. എസ്‌ബിഐയിൽ നിന്ന് 50 ലക്ഷം രൂപ മോഷ്ടിച്ച് ഒളിവിൽ പോയ മുൻ ജീവനക്കാരൻ വി ചലപതി റാവുവിനെയാണ്  20 വർഷത്തിന് ശേഷം തമിഴ്‌നാട്ടിൽ നിന്ന് സിബിഐ പിടികൂടിയത്.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഓഗസ്റ്റ് 16 വരെ റിമാൻഡ് ചെയ്‌തു. തമിഴ്‌നാട് തിരുനെൽവേലിയിലെ നർസിംഗനല്ലൂർ ഗ്രാമത്തിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. 

2002ൽ ഹൈദരാബാദിലെ എസ്‌ബിഐയുടെ ചന്ദുലാൽ ബിരാജി ബ്രാഞ്ചിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററായി ഇയാൾ ജോലി ചെയ്തിരുന്നു. അന്ന്  അവിടെ നിന്ന് 50 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. 2002 മേയ് മാസത്തിലാണ് ചലപതി റാവുവിനെതിരെ സിബിഐ കേസെടുത്തത്. ഇലക്‌ട്രോണിക് കടകളുടെ വ്യാജ ക്വട്ടേഷനുകളും കൂട്ടുകാരുടെ വ്യാജ ശമ്പള സർട്ടിഫിക്കറ്റുകളും നിർമിച്ചായിരുന്നു പ്രതി 50 ലക്ഷം തിരിമറി നടത്തിയത്. 

കുറ്റകൃത്യം നടന്ന് 2 വർഷത്തിന് ശേഷം, 2004 ഡിസംബർ 31നാണ് സിബിഐ ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. ഇതിന് ശേഷം റാവു സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു. മാസങ്ങളായിട്ടും റാവു തിരികെ വരാത്തതോടെ ഇയാളെ കാണാനില്ലെന്നുകാട്ടി ഭാര്യ ഹൈദരാബാദ് പൊലീസിൽ പരാതി നൽകി. വി ചലപതി റാവുവിന്റെ ഭാര്യയും തട്ടിപ്പ് കേസിലെ  പ്രതിയാണ്. 

റാവുവിനെ കാണാതായി 7 വർഷങ്ങൾക്ക് ശേഷം, ഇയാൾ മരിച്ചതായി പ്രഖ്യാപിക്കണമെന്ന് കാട്ടി ഭാര്യ സിവിൽ കോടതിയെ സമീപിച്ചു. അങ്ങനെയാണ് ഹൈദരാബാദിലെ സിവിൽ കോടതി റാവുവിനെ മരിച്ചതായി കണക്കാക്കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. 

2002ലെ എസ്ബിഐ കവർച്ചയ്ക്ക് ശേഷം, റാവു പത്ത് തവണ ഫോൺ നമ്പർ മാറ്റി. തനിക്കായുള്ള അന്വേഷണം മന്ദ​ഗതിയിലായതോടെ 2007ൽ രഹസ്യമായി സേലത്തെത്തി അവിടെയുള്ള ഒരു സ്‌ത്രീയെ വിവാഹം ചെയ്‌തു. അപ്പോഴേക്കും ഇയാൾ  എം വിനീത് കുമാർ എന്ന് പേരുമാറ്റിയിരുന്നു. പിന്നീട് 2014ൽ തമിഴ്നാട് വിട്ട് ഇയാൾ ഭോപ്പാലിലേക്ക് കുടിയേറി. അവിടെ വായ്‌പാ റിക്കവറി എഞ്ചിനിയറായി ഏകദേശം 2 വർഷത്തോളം ജോലി ചെയ്‌തു. പിന്നീട് അവിടെ നിന്ന് ഉത്തരാഖണ്ഡിലേക്ക് കടന്നു. തുടർന്ന് രുദ്രാപൂരിലെ ഒരു സ്കൂളിലും ജോലി ചെയ്തു. 

ഉത്തരാഖണ്ഡിൽ നിന്ന് 2016ൽ ഔറംഗബാദിലെ ഒരു ഗ്രാമത്തിലെ ആശ്രമത്തിലെത്തി. ഏറെക്കാലം അവിടെ കഴിഞ്ഞതോടെ പിന്നീടിയാൾ സ്വാമി വിധിതാത്മാനന്ദ തീർത്ഥ എന്ന പേരിൽ അറിയപ്പെട്ടു. ഈ പേരിൽ ആധാർ കാർഡും സ്വന്തമാക്കി.  ഔറംഗബാദിലെ ആശ്രമത്തിൽ നിന്ന് 70 ലക്ഷം രൂപ തട്ടിയെടുത്ത ശേഷം, ഇയാൾ രാജസ്ഥാനിലെ ഭരത്പൂരിലേക്ക് കടന്നു. 2024 ജൂലായ് മാസത്തിൽ റാവു തിരുനെൽവേലിയിൽ എത്തി.  തുടർന്നാണ് സിബിഐ ഇയാളെ അറസ്റ്റ് ചെയ്യുന്നത്. 

ENGLISH SUMMARY:

Declared dead in 2013, Tamil Nadu conman arrested by CBI in bank fraud case