പിടിച്ചു പറിച്ച് വാങ്ങിയ കൈക്കൂലിപ്പണം പങ്കിട്ടെടുത്ത ട്രാഫിക് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. ഡല്‍ഹിയിലെ ഗാസിപുറിലെ ത്രില്‍ ലൗറി സര്‍ക്കിളിലെ മൂന്ന് ഉദ്യോഗസ്ഥരാണ് പിടിയിലായത്. ചെക്ക് പോസ്റ്റിനുള്ളിലെ സിസിടിവി ദൃശ്യങ്ങളാണ് അഴിമതിപ്പണം കയ്യോടെ പൊക്കിയത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് നടപടി.
രണ്ട് എ.എസ്.ഐമാരും ഹെഡ് കോണ്‍സ്റ്റബിളുമാണ് പിടിയിലായത്. അന്വേഷണ വിധേയമായാണ് ഇവരെ സസ്പെന്‍ഡ് ചെയ്തതെന്ന് ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ വി.കെ. സക്സേന അറിയിച്ചു. വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സമൂഹമാധ്യമത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ചെക്ക് പോസ്റ്റിനുള്ളില്‍ വച്ച് പണത്തിനായി ഒരാളുമായി പൊലീസുകാരിലൊരാള്‍ വാഗ്വാദത്തിലേര്‍പ്പെടുന്നത് വിഡിയോയില്‍ കാണാം. നിമിഷങ്ങള്‍ മാത്രം നീണ്ട സംസാരത്തിന് പിന്നാലെ വന്നയാള്‍ ഒരു കെട്ട് പണം മേശപ്പുറത്ത് വച്ച ശേഷം ഇറങ്ങിപ്പോവുകയും ചെയ്തു. പൊലീസുകാരന്‍ ഇയാളെ കൈകാണിക്കുന്നുമുണ്ട്. പിന്നാലെ ലഭിച്ച പണം പൊലീസുകാരന്‍ എണ്ണി നോക്കുകയും തുടര്‍ന്ന് മൂന്നാള്‍ക്കുമായി വീതം വയ്ക്കുകയും ചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തം. ചിരിച്ചു കൊണ്ടാണ് ഒപ്പമുള്ള രണ്ടുപേരും പണം വാങ്ങുന്നത്.