പിറവം സ്വദേശിയായ സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണത്തിനുള്ള സാഹചര്യമില്ലെന്ന് ഹൈക്കോടതി. അതേസമയം പൊലീസ് അന്വേഷണത്തിലെ വീഴ്ചകള്‍ പരിശോധിച്ച് രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. 2017 മാര്‍ച്ച് അഞ്ചിനാണ് പിറവം മുളക്കുളം വടക്കേക്കര പെരിയപ്പുറം എണ്ണയ്ക്കാപ്പിള്ളില്‍ ഷാജി വര്‍ഗീസിന്റെയും സൈലമ്മയുടെയും മകളായ മിഷേലിനെ കാണാതായത്. സ്വകാര്യ കോളജിൽ സിഎ വിദ്യാർഥിയായിരുന്ന മിഷേല്‍ സംഭവദിവസം വൈകിട്ട് അഞ്ചിന് കലൂര്‍ സെന്റ് ആന്റണീസ് പള്ളിയിലെത്തി മടങ്ങുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. പിറ്റേന്ന് വൈകിട്ട് മൃതദേഹം കൊച്ചി കായലിൽ കണ്ടെത്തി.
മിഷേലിനെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കൾ അന്നു തന്നെ സ്റ്റേഷനിലെത്തിയിട്ടും അന്വേഷണം തുടങ്ങാനോ പരാതി സ്വീകരിക്കാനോ പൊലീസ് തയാറായില്ലെന്ന് നേരത്തേ മാതാപിതാക്കൾ പരാതിപ്പെട്ടിരുന്നു. പൊലീസിൽനിന്നു ക്രൈംബ്രാഞ്ച് പിന്നീട് കേസന്വേഷണം ഏറ്റെടുത്തു. എന്നാൽ അന്വേഷണം ശരിയായ ദിശയിൽ അല്ലെന്നും മകളെ ആരോ അപായപ്പെടുത്തിയതാണെന്നും കാട്ടി കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് കോടതിയുടെ പരാമര്‍ശം.
പോസ്റ്റ്മോർട്ടം സമയത്ത് മിഷേലിന്റെ വയറ്റിൽനിന്ന് ദഹിക്കാത്ത ഒരു കഷ്ണം കാരറ്റ് കിട്ടിയിരുന്നു. ഇതിന്റെ ഉറവിടം കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സംഭവം നടന്ന് 7 വർഷത്തിനു ശേഷം ഇത് കണ്ടെത്താൻ പൊലീസിനോട് പറയുന്നതുെകാണ്ടും പ്രയോജനമില്ലെന്നും കോടതി പറയുന്നു. അതേസമയം, രണ്ടാം ഗോശ്രീ പാലത്തിൽ നിന്ന് മിഷേൽ ചാടുകയായിരുന്നു എന്നതിന് വ്യക്തമായ തെളിവില്ല. എന്നാൽ മിഷേൽ ചാടുന്നത് കണ്ടു എന്നവകാശപ്പെടുന്ന സാക്ഷിയുടെ മൊഴിയിൽ കുറച്ചൊക്കെ പൊരുത്തക്കേടുകൾ ഉണ്ടെങ്കിലും മുഴുവൻ അവിശ്വസനീയമാണെന്ന് പറയാൻ സാധിക്കില്ല. ആ സമയം ഇരുട്ടായിരുന്നു. മിഷേലുമായി യാതൊരു ബന്ധവുമില്ലാത്ത സാക്ഷിക്ക് തെറ്റായ ഒരു മൊഴി നൽകേണ്ട കാര്യമില്ല. മാത്രമല്ല, സാക്ഷി സ്വമേധയാ സ്റ്റേഷനിൽ എത്തി മൊഴി നൽകിയതാണ്.
സംഭവദിവസം പഴ്സോ പണമോ എടുക്കാതെയാണ് മിഷേൽ പള്ളിയിലേക്ക് പോയത്. അവിടെ നിന്ന് ഗോശ്രീ പാലം വരെയുള്ള ആറു കിലോമീറ്ററോളം നടന്നു. 350ഓളം പേരുടെ െമാഴികൾ രേഖപ്പെടുത്തി. മിഷേൽ പോയ വഴികളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. മുങ്ങിമരിക്കുന്നതു സംബന്ധിച്ച് എല്ലാ വിധത്തിലുമുള്ള തെളിവുകളും പരിശോധിച്ചു, ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം അഴുകാത്തതു സംബന്ധിച്ച് കൊച്ചിയിൽ മുമ്പുണ്ടായിട്ടുള്ള ഒട്ടേറെ മുങ്ങിമരണ കേസുകൾ പരിശോധിച്ചു. സംശയമുള്ള എല്ലാ വ്യക്തികളുടെയും ഫോൺ വിവരങ്ങൾ പരിശോധിച്ചു. ഇതിൽ നിന്നെല്ലാം മനസിലാകുന്നത് മിഷേലിന്റേത് മുങ്ങിമരണമായിരുന്നു എന്നതാണ്. കൊലപാകമാണെന്ന് പറയാനുള്ള കാര്യങ്ങളൊന്നുമില്ല. അതുകൊണ്ടു തന്നെ കേസ് സിബിഐക്ക് കൈമാറേണ്ടതില്ലെന്നും കോടതി വിലയിരുത്തി.