എ.ടി.എം. കൊള്ളയടിച്ച സംഘത്തിലെ അഞ്ചു പേരെ തമിഴ്നാട്ടില്‍ നിന്ന് തൃശൂരില്‍ എത്തിച്ചു. ഈ അഞ്ചു മോഷ്ടാക്കളേയും അഞ്ചു ദിവസത്തേയ്ക്കു പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടു. നാളെ ഇവരുമായി എ.ടി.എം കൗണ്ടറില്‍ എത്തി തെളിവെടുപ്പ് നടത്തും. തമിഴ്നാട്ടിലെ നാമക്കല്ലില്‍ പൊലീസിന്റെ പിടിയിലായ കവര്‍ച്ചാസംഘം റിമാന്‍ഡിലായിരുന്നു. കൊള്ളക്കാരെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ ഈസ്റ്റ് പൊലീസ് ഹര്‍ജി നല്‍കിയിരുന്നു. ഇന്നു രാവിലെ ഒന്‍പതു മണിയോടെ മോഷ്ടാക്കളുമായി തൃശൂര്‍ പൊലീസ് തമിഴ്നാട്ടിലെ നാമക്കല്ലില്‍ നിന്ന് പുറപ്പെട്ടു. പൊലീസ് ബസില്‍ സായുധരായ സേനാംഗങ്ങളുടെ അകമ്പടിയിലായിരുന്നു വരവ്. തമിഴ്നാട്ടിലെ ജയില്‍ ഉദ്യോഗസ്ഥര്‍ മോഷ്ടാക്കളെ അതീവശ്രദ്ധയോടെ നിരീക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ്, കനത്ത സുരക്ഷ ഒരുക്കിയത്.
ഈസ്റ്റ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ബിപിന്‍ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മോഷ്ടാക്കളെ തൃശൂരില്‍ എത്തിച്ചത്. ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി. പിന്നാലെ, സി.ജെ.എം കോടതിയില്‍ ഹാജരാക്കി. പൊലീസിന്റെ ഡിറ്റക്ഷന്‍ സെന്ററില്‍ പാര്‍പ്പിച്ച ശേഷം നാളെ മുതല്‍ ചോദ്യംചെയ്യും. നാളെ രാവിലെ പത്തു മണിയോടെ തൃശൂര്‍ നായ്ക്കനാല്‍ എ.ടി.എം കൗണ്ടറില്‍ തെളിവെടുപ്പ് നടത്തും. സെപ്തംബര്‍ 27ന് പുലര്‍ച്ചെ രണ്ടിനും നാലിനും മധ്യേ തൃശൂര്‍ ജില്ലയില്‍ മൂന്നിടത്തായാണ് എ.ടി.എം. കൊള്ളനടന്നത്.
68 ലക്ഷം രൂപയുമായി കാര്‍ കണ്ടെയ്നര്‍ ലോറിയില്‍ ഒളിപ്പിച്ച് തമിഴ്നാട്ടിലേക്ക് കടന്നു. പൊലീസ് പിന്‍തുടരുന്നതിനിടെ ലോറി അപകടത്തില്‍പ്പെട്ടു. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ വെടിയേറ്റു മരിച്ചു. വെടിയേറ്റ മറ്റൊരാളുടെ കാല്‍ മുറിച്ച് മാറ്റേണ്ടിവന്നു. രാജസ്ഥാന്‍, ഹരിയാന അതിര്‍ത്തിയിലെ മേവാത്ത് മേഖലയിലുള്ള കുപ്രസിദ്ധ മോഷ്ടാക്കളാണ് അറസ്റ്റിലായവര്‍. ചോദ്യംചെയ്യലിനും തെളിവെടുപ്പിനും ശേഷം അടുത്തയാഴ്ച കവര്‍ച്ചാസംഘത്തെ തമിഴ്നാട്ടില്‍ തിരിച്ചെത്തിക്കും.