കാസര്‍കോട് ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയില്‍ ആരോപണവിധേയനായ എസ്.ഐ പി.അനുപ് മുന്‍പ് മറ്റൊരു ഡ്രൈവറെ കയ്യേറ്റം ചെയ്തു. തന്നെ കയ്യേറ്റം ചെയ്തെന്നും കോളറില്‍ പിടിച്ചുവെന്നും ഓട്ടോ ഡ്രൈവര്‍ നൗഷാദ് വെളിപ്പെടുത്തി. അതിക്രമത്തിന്റെ ദൃശ്യം മനോരമ ന്യൂസിന്.

ട്രാഫിക് നിയമ ലംഘനം ആരോപിച്ച് പൊലീസ് പിടികൂടിയ ഓട്ടോ തിരിച്ചു നൽകാത്തതിൽ മനംനൊന്ത് ഫെയ്സ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്ത് ഓട്ടോഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യണമെന്ന് ബന്ധുക്കൾ. പൊലീസ് പിടികൂടിയ ഓട്ടോ വിട്ടുകിട്ടാത്തതാണ് പിതാവിന്റെ മരണത്തിനു കാരണമായതെന്ന് അബ്ദുൽ സത്താറിന്റെ മകൻ അബ്ദുൽ ഷാനിസ് പറ‍ഞ്ഞു. പൊലീസിന്റെ നടപടി സത്താറിന് ഏറെ മാനസിക പ്രയാസം ഉണ്ടാക്കിയിരുന്നതായും ഇനി ഒരാൾക്കും ഈ ഗതി ഉണ്ടാവരുതെന്നും പിതാവ് ഓട്ടോ ഓടിച്ച് ലഭിക്കുന്ന വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയമെന്നും ഷാനിസ് പറഞ്ഞു.

കാസർകോട് ടൗണിൽ നെല്ലിക്കുന്ന് ബീച്ച് റോഡ് ജം‌ക്‌ഷനിൽ റോഡിനു നടുവിൽ വഴി തടസ്സം ഉണ്ടാക്കി എന്നാരോപിച്ചാണ് ഓട്ടോയുടെ താക്കോൽ പൊലീസ് ഊരിയെടുത്തെത്. പിന്നീട് സ്റ്റേഷനിലെത്തിച്ച ഓട്ടോ 5 ദിവസം കഴിഞ്ഞും വിട്ടു കിട്ടിയില്ലെന്നാരോപിച്ചാണ് കാസർകോട് റെയിൽവേ സ്റ്റേഷനു സമീപത്തെ ക്വാർട്ടേഴ്സിൽ 3 വർഷമായി താമസിച്ചു വരികയായിരുന്ന കർണാടക മംഗളൂരു പാണ്ഡേശ്വരയിലെ കുദ്രോളി അബ്ദുൽ സത്താർ (60) ആത്മഹത്യ ചെയ്തത്.

ENGLISH SUMMARY:

The accused SI Anoop had assaulted another driver earlier