ദുര്‍മന്ത്രവാദങ്ങള്‍ക്കെതിരെ ഗുജറാത്തില്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യ അറസ്റ്റ്. അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് ശ്മശാനത്തില്‍ അനാചാരങ്ങളും ബ്ലാക്ക് മാജിക്കും നടത്തിയ 29കാരനായ യുവാവിനെയാണ് ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. നരബലി, മറ്റ് മനുഷ്യത്വരഹിത, തിന്മ, അഘോരി ആചാരങ്ങൾ, ബ്ലാക്ക് മാജിക് എന്നിവക്കെതിരായ പുതിയ നിയമത്തിന്റെ ബലത്തിലാണ് ഈ അറസ്റ്റ്.
രാജ്കോട്ട് ജില്ലയിലെ ധോരജ് നഗരത്തിലെ ഒരു ശ്മശാനത്തില്‍ ചില ദുര്‍മന്ത്രവാദങ്ങള്‍ നടത്തുന്ന ഒരു വിഡിയോ ഈ യുവാവ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഒക്ടോബര്‍ 15ന് അശ്വിന്‍ മക്‌വാന എന്ന യുവാവ് പിടിയിലാകുന്നത്. സംസ്ഥാനത്ത് ദുര്‍മന്ത്രവാദങ്ങള്‍ക്കെതിരെ പ്രാബല്യത്തില്‍ വന്ന നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ആദ്യ അറസ്റ്റാണെന്ന് പൊലീസ് ഇന്‍സ്പെക്ടര്‍ ആര്‍ജെ ഗോധം പറഞ്ഞു.
സെപ്റ്റംബര്‍ 2നാണ് ഈ നിയമത്തിന്റെ ഗസറ്റ് നോട്ടിഫിക്കേഷന്‍ വരുന്നത്. അറസ്റ്റ് നടന്ന ദിവസം തന്നെ കേസിന്റെ എഫ്ഐആര്‍ eGujCop പ്ലാറ്റ്ഫോമില്‍ അപ്‌ലോഡ് ചെയ്യാന്‍ ശ്രമിച്ചെന്നും ആ സമയം ഈ ആക്ടുമായി ബന്ധപ്പെട്ട് കോഡുകളൊന്നും ജനറേറ്റ് ചെയ്യപ്പെട്ടിട്ടില്ലായിരുന്നെന്നും ഇന്‍സ്പെക്ടര്‍ വ്യക്തമാക്കുന്നു. അതിനാല്‍ തന്നെ പുതിയ നിയമപ്രകാരമുള്ള ആദ്യ കേസെന്ന് ബോധ്യപ്പെട്ടതായും പൊലീസ് വ്യക്തമാക്കി.
ആഗസ്റ്റ് 21നാണ് ഗുജറാത്ത് അസംബ്ലി, മന്ത്രവാദവും മറ്റ് അന്ധവിശ്വാസങ്ങളും മനുഷ്യത്വരഹിതമായ ആചാരങ്ങളും തടയുന്നതിനുള്ള ബിൽ പാസാക്കിയത്. ഗവർണർ അനുമതി നൽകിയതോടെ ഇത് നിയമമായി. കുമ്പര്‍വാദ മേഖലയില്‍ മുനിസിപ്പാലിറ്റി നടത്തുന്ന ശ്മശാനത്തില്‍ വച്ചാണ് ഈ യുവാവ് ബ്ലാക്ക് മാജിക് നടത്തിയത്. ചിതയ്ക്ക് ചുറ്റും വട്ടമിടുകയും മന്ത്രോച്ചാരണം നടത്തുകയും ചെയ്യുന്നത് ഇയാള്‍ പങ്കുവച്ച വിഡിയോയിലുണ്ട്. ശുചീകരണ തൊഴിലാളിയാണ് അശ്വിന്‍. സംഭവം വിവാദമായതോടെ ഇയാള്‍ വിഡിയോ ഡിലീറ്റ് ചെയ്ത് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടിയിലാകുകയായിരുന്നു. തനിയ്ക്ക് അമാനുഷിക ശക്തികളുണ്ടെന്നും പൊതുമധ്യത്തിലേക്ക് ഇത്തരമൊരു വിഡിയോ പങ്കുവക്കുന്നത് ആദ്യമാണെന്നും അറസ്റ്റിനു ശേഷം അശ്വിന്‍ പറയുന്നു.