ഭാര്യയുമായുള്ള തര്‍ക്കത്തിനിടെ കിണറ്റില്‍ ചാടിയ യുവാവും രക്ഷിക്കാന്‍ ചാടിയ നാലു പ്രദേശവാസികളും മരിച്ചു. ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലെ ചര്‍ഹിയിലാണ് സംഭവം. 27കാരനായ സുന്ദര്‍ കര്‍മാലിയാണ് ഭാര്യ രൂപാദേവിയുമായി ഒന്നും രണ്ടും പറഞ്ഞ്, കോപംപൂണ്ട് കിണറ്റില്‍ ചാടിയത്. പിന്നാലെ സുന്ദറിനെ രക്ഷിക്കാനായി പ്രദേശവാസികളായ നാലുപേര്‍ കൂടി കിണറ്റിലേക്ക് ചാടി. പക്ഷേ നാടിനെ നടുക്കിയ ദുരന്തമായി മാറുകയായിരുന്നു ആ സംഭവം.
ഭാര്യയുമായി വഴക്ക് മൂത്തപ്പോള്‍ വന്ന ദേഷ്യത്തിന്റെ പേരിലാണ് സുന്ദര്‍ കര്‍മാലി തന്റെ ബൈക്ക് നേരെ കിണറിനു സമീപത്തേക്ക് കൊണ്ടുചെന്നത്.പിന്നാലെ ഇയാള്‍ കിണറ്റിലേക്ക് എടുത്തുചാടി. സുന്ദറിനെ രക്ഷിക്കാനായാണ് മറ്റു നാലുപേരും ഒന്നിനുപുറകെ ഒന്നായി കിണറ്റിലേക്ക് ചാടിയത്. പക്ഷ ചാടിയ അഞ്ചുപേര്‍ക്കും ജീവന്‍ നഷ്ടമായതായി ബിഷ്ണുഗര്‍ പൊലീസ് ഓഫീസര്‍ പറഞ്ഞു. രാഹുല്‍ കര്‍മാലി(26), വിനയ് കര്‍മാലി, പങ്കജ് കര്‍മാലി, സുരാജ് ബയ്യന്‍ എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനയച്ചു. കിണര്‍ അടയ്ക്കുകയും കിണറിനു സമീപത്തേക്കുള്ള പ്രവേശനം ഉള്‍പ്പെടെ പൊലീസ് തടയുകയും ചെയ്തു.