കൊച്ചിയിലെ മൊബൈൽ കൂട്ടക്കവർച്ചക്കേസിലെ അഞ്ച് ഫോണുകൾ തിരിച്ചറിഞ്ഞു.ഡൽഹി ഗ്യാങ്ങിൽ നിന്ന് കണ്ടെത്തിയ അഞ്ചെണ്ണം കൊച്ചിയിൽ നിന്ന് കവർന്നതെന്ന് സ്ഥിരീകരിച്ചു. ബാക്കിയുള്ള ഫോണുകൾ സ്ഥിരീകരിക്കാൻ പരിശോധന തുടരുകയാണ്. മുംബൈയിൽ പിടിയിലായ പ്രതികളുമായി അന്വേഷണ സംഘം ഇന്ന് കേരളത്തിലേക്ക് തിരിക്കും.
ബോൾഗാട്ടിയിലെ അലൻവോക്കർ ഷോയ്ക്കിടെയാണ് 39 മൊബൈൽ ഫോണുകൾ കവർന്നത്. ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലായി നടത്തിയ ഊർജിത അന്വേഷണത്തിന് ഒടുവിലാണു ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്. ഡൽഹി സംഘത്തിൽ നിന്ന് 20 ഫോണുകളും മുംബൈ സംഘത്തിൽ നിന്ന് 3 ഫോണുകളും പിടിച്ചെടുത്തു. ഇതിൽ 15 എണ്ണം ഐ ഫോണുകളാണ്. രണ്ടു വ്യത്യസ്ത സംഘങ്ങളാണു മൊബൈൽ മോഷണത്തിനായി കൊച്ചിയിൽ എത്തിയതെന്നും രണ്ടു സംഘത്തിലും നാലു പേർ വീതമാണ് ഉണ്ടായിരുന്നതെന്നും സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ പറഞ്ഞു. മറ്റു പ്രതികൾക്കായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു സിറ്റി പൊലീസ് തിരച്ചിൽ തുടരുകയാണ്.