മരിച്ചെന്ന് കരുതിയ പ്രതിയെ 21 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് കണ്ടെത്തി. വിസ തട്ടിപ്പുകളില്‍ അടക്കം പ്രതിയായ പത്തനംതിട്ട വെട്ടിപ്രം സ്വദേശി ഫസലുദീനാണ് അറസ്റ്റിലായത്. ഒളിവുകാലത്ത് മലപ്പുറത്ത് ഒരു സ്വകാര്യ സ്കൂള്‍ ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നു.
നാടകീയമായിരുന്നു അറസ്റ്റ്. മലപ്പുറം കോട്ടയ്ക്കല്‍ മലബാര്‍ പബ്ലിക് സ്കൂള്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറെ കാണാന്‍ ഒരു സംഘം എത്തുന്നു. പത്തനംതിട്ട പൊലീസ് ആണെന്നു മനസിലായതോടെ ഓഫിസര്‍ മിണ്ടാതെ കൂടെപ്പോയി. ആള്‍ 21 വര്‍ഷംമുന്‍പ് മുങ്ങിയ തട്ടിപ്പ് കേസ് പ്രതി ഫസലുദീന്‍. 1972ല്‍ പൊതുമരാമത്ത് വകുപ്പില്‍ എല്‍.ഡി.ക്ലര്‍ക്കായി കയറിയ ഫസലൂദീന്‍ 2003ല്‍ സീനിയര്‍ സൂപ്രണ്ടായി. ഇക്കാലത്തായിരുന്നു പലര്‍ക്കും വീസ വാഗ്ദാനം ചെയ്ത് പണം തട്ടിയത്. മുപ്പതോളം വഞ്ചനാക്കേസുകളില്‍ പ്രതിയായതോടെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടു. 2003ല്‍ ജാമ്യമെടുത്തു മുങ്ങി. തട്ടിപ്പിന് ഇരയായവര്‍ നിരന്തരം വീട്ടില്‍ അന്വേഷിച്ചു വന്നതോടെ ഭാര്യയും ജീവനൊടുക്കി. പ്രതിയുടെ ഫോണ്‍ നമ്പര്‍ കിട്ടിയതാണ് ഇപ്പോള്‍ തുമ്പായത്.
പ്രതിക്കെതിരെ 26 വാറണ്ടുകള്‍ ഉണ്ട്. കേരളത്തിനകത്തും പുറത്തും ഒളിവില്‍ കഴിഞ്ഞ് ഒടുവിലാണ് മലപ്പുറത്തെത്തിയത്. പലയിടത്തും റിട്ടയേര്‍ഡ് സബ് കലക്ടര്‍ എന്നു പറഞ്ഞാണ് പല ജോലികളും ചെയ്തിരുന്നത്. സൈബര്‍ സെല്ലിന്‍റെ സമര്‍ഥമായ അന്വേഷണവും പ്രതിയെ പിടികൂടാന്‍ സഹായമായി.