വനിതാഡോക്ടറുടെ വീട്ടിൽ നിന്ന് നവരത്നമോതിരവും മറ്റ് സ്വർണാഭരണങ്ങളും കവർന്ന ജോലിക്കാരി പിടിയിൽ. കൊല്ലം മൂന്നാംകുറ്റിയിലാണ് സംഭവം. അറുനൂറ്റിമംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന ശാരികയെയാണ് (38) ഈസ്റ്റ് പൊലീസ് പിടികൂടിയത്. രണ്ടു പവന്റെ നവരത്നമോതിരവും, ഒരു പവന്റെ വളയും മൂന്ന് പവന്റെ തളയുമാണ് ഇവർ മോഷ്ടിച്ചത്.
ശാരിക പട്ടത്താനത്തുള്ള ഡോക്ടറുടെ വീട്ടിൽ ജോലിക്കെത്തുന്നത് കഴിഞ്ഞ മാസം 24ാം തീയതിയാണ്. തുടർന്ന് പല ദിവസങ്ങളിവായി വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ അടിച്ചുമാറ്റുകയായിരുന്നു. വനിതാഡോക്ടർ വീട്ടിൽ നിന്ന് പോകുന്ന തക്കം നോക്കിയായിരുന്നു മോഷണം. വീട്ടിൽ പ്രായമായ അമ്മ മാത്രം ഉണ്ടായിരുന്നതിനാൽ മോഷണം എളുപ്പമായി.
പ്രതി രണ്ടാംകുറ്റിയിലുള്ള ധനകാര്യ സ്ഥാപനത്തിലാണ് മോഷണമുതൽ പണയം വച്ചത്. ആഭരണം നഷ്ടപ്പെട്ട വിവരം കഴിഞ്ഞ ദിവസമാണ് ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുന്നത്. അങ്ങനെ ഈസ്റ്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ശാരികയുടെ ഭർത്താവ് ധനേഷും മോഷണക്കേസുകളിൽ നേരത്തേ പിടിയിലായിട്ടുണ്ട്. പണയം വച്ച സ്വർണം പൊലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.