ആദ്യത്തേത് പ്രതി പൂനം/ രണ്ടാമത്തേത് പ്രതീകാത്മക ചിത്രം

ആറ് യുവാക്കളെ വിവാഹം കഴിച്ച് സ്വര്‍ണവും പണവുമായി മുങ്ങിയ യുവതിയും കൂട്ടാളികളും പിടിയില്‍. ഉത്തര്‍പ്രദേശിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. ഏഴാം വിവാഹത്തിനുളള ഒരുക്കത്തിനിടെയാണ് വധുവും തട്ടിപ്പുസംഘവും പിടിയിലായത്. വിവാഹത്തട്ടിപ്പിലൂടെ സ്വര്‍ണവും പണവും തട്ടിയെടുക്കലാണ് സംഘത്തിന്‍റെ ലക്ഷ്യമെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. 

വധുവായി ചമഞ്ഞ് തട്ടിപ്പ് നടത്തുന്നത് പൂനം എന്ന യുവതിയാണ്. പൂനത്തിനൊപ്പം ഒരു സ്ത്രീയും രണ്ട് പുരുഷന്‍മാരുമാണ് തട്ടിപ്പ് സംഘത്തിലുളളത്. സഞ്ജന ഗുപ്ത എന്ന സ്ത്രീയാണ് വധുവിന്‍റെ അമ്മയായി അഭിനയിക്കുന്നത്. ഒപ്പമുളള രണ്ട് പുരുഷന്മാര്‍ വിവാഹ ഏജറ്റുമാരായാണ് ഇരകളെ സമീപിക്കുന്നത്. സ്വത്തും പണവുമുളള അവിവാഹിതരായ പുരുഷന്മാരെ കണ്ടെത്തി അനുയോജ്യമായ വധുവിനെ കണ്ടെത്തിത്തരാമെന്ന വാഗ്ദാനവുമായാണ് ഏജറ്റുമാര്‍ ഇരകളെ സമീപിക്കുന്നത്. 

ശേഷം ഒന്നര ലക്ഷം രൂപ തന്നാല്‍ വധുവിന്‍റെ വിലാസവും നമ്പറും നല്‍കാമെന്ന് പറയും. പൂനത്തിന്‍റെ ഫോട്ടോ കണ്ട് ആകൃഷ്ടരായ യുവാക്കള്‍ ഏ‍ജന്‍റുമാര്‍ ആവശ്യപ്പെടുന്ന പണം നല്‍കും. തുടര്‍ന്ന് ചെറിയൊരു വിവാഹച്ചടങ്ങ്. വധുവിന്‍റെ ഭാഗത്ത് അമ്മ മാത്രമായിരിക്കും ഉണ്ടായിരിക്കുക. വിവാഹം കഴിഞ്ഞ് വരന്‍റെ വീട്ടിലെത്തുന്നതോടെ തട്ടിപ്പ് സംഘം തനിനിറം പുറത്തെടുക്കും. രാത്രിയോടെ സ്വര്‍ണവും പണവുമായി സ്ഥലം കാലിയാക്കും.

ഇത്തരത്തില്‍ പൂനവും സംഘവും ആറ് യുവാക്കളെയാണ് കബളിപ്പിച്ച് കടന്നുകളഞ്ഞത്. ആറുവിവാഹത്തിന് ശേഷം ഏഴാമതൊന്നിന് തയാറെടുക്കുമ്പോഴാണ് തട്ടിപ്പ് സംഘത്തിന്‍റെ കളളക്കളി വെളിച്ചത്തായത്. ശങ്കര്‍ ഉപാധ്യായി എന്നയാളെയാണ് തട്ടിപ്പ് സംഘം ഏഴാമത് സമീപിച്ചത്. ഏജന്‍റുമാരുടെ വാക്ക് കേട്ട് ശങ്കര്‍ പൂനത്തിനെ കാണാനെത്തി. പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടതോടെ വിവാഹത്തിന് സമ്മതിച്ചു. വിവാഹദിവസം വധുവിന്‍റെയും അമ്മയുടെയുമെല്ലാം പെരുമാറ്റത്തില്‍ സംശയം തോന്നിയ ശങ്കര്‍ വധുവിന്‍റെ അമ്മയുടെ ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടു. വ്യാജ പേരിലും വിലാസത്തിലും തട്ടിപ്പ് നടത്തുന്നതിനാല്‍ ഇക്കൂട്ടര്‍ ആധാര്‍ കാര്‍ഡ് നല്‍കാന്‍ തയാറായില്ല. തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ച ശങ്കറിനെ തട്ടിപ്പ് സംഘം ഭീഷണിപ്പെടുത്തി. വിവാഹം കഴിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്നും അല്ലെങ്കില്‍ വ്യാജ കേസില്‍ കുടുക്കുമെന്നും സംഘം പറഞ്ഞു. 

തനിക്ക് ഒന്നുകൂടി ആലോചിക്കണം എന്നുപറഞ്ഞ് അവിടെ നിന്നിറങ്ങിയ ശങ്കര്‍ ഉടനെ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വധുവായ പൂനത്തെയും അമ്മയായി അഭിനയിക്കുന്ന സഞ്ജനയെയും 2 കൂട്ടാളികളെയും പൊലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. 

ENGLISH SUMMARY:

Woman Married 6 Men, Fled With Cash, Jewels, Arrested In 7th Attempt