സ്കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന പലവ്യഞ്‌ജന വ്യാപാരിയെ കാർ കൊണ്ട് ഇടിച്ചിട്ട ശേഷം, ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ 3 പേര്‍ പിടിയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. അരുവിക്കര മണ്ടേല മേലേവിളവീട്ടിൽ രഞ്ജിത്ത് (34), കല്ലറ പാങ്ങോട് ഒഴുകുപാറ തുമ്പോട് എസ്.ജി ഭവനിൽ സാം (29), നെടുമങ്ങാട് മഞ്ച പറക്കാട് തോട്ടരികത്തുവീട്ടിൽ സുബിൻ (32) എന്നിവരാണ് നെയ്യാറ്റിൻകര പൊലീസിന്‍റെ പിടിയിലായത്.
പെരുമ്പഴുതൂർ ജംഗ്‌ഷനിലെ പലവ്യഞ്‌ജന വ്യാപാരിയാണ് ക്രൂരമായി ആക്രമിക്കപ്പെട്ട രാജന്‍.ഒക്ടോബർ 28ന് രാത്രി 11.30ന് കടയടച്ച ശേഷം രാജൻ സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങവേയാണ് വിഷ്ണുപുരത്ത് വച്ച് ആക്രമിക്കപ്പെട്ടത്. ആയുധങ്ങളുമായി സ്കൂട്ടറിനെ പിന്തുടർന്ന സംഘം ഇവർ സഞ്ചരിച്ചിരുന്ന മാരുതി കാർ ഉപയോഗിച്ച് സ്‌കൂട്ടറിനെ ഇടിച്ചിടുകയായിരുന്നു. ശേഷം നിലത്ത് വീണ് കിടന്ന രാജനെ വെട്ടിപ്പരുക്കേൽപ്പിച്ച് കടന്ന് കളഞ്ഞു.
ഫോൺ നമ്പറുകളും സി.സി.ക്യാമറകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. രാജനെതിരെ കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ ഒരു സ്ത്രീയുടെ ബന്ധു കേസിലെ ഒന്നാം പ്രതിയായ രഞ്ജിത്തിന് നൽകിയ ക്വട്ടേഷനെ തുടർന്നാണ് ആക്രമണം നടന്നതെന്ന് പ്രതികൾ മൊഴി നൽകിയതായി പൊലീസ് പറയുന്നു.
നെയ്യാറ്റിൻകര ഡി.വൈ.എസ്.പി ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ 3 പ്രതികളെയും റിമാൻഡ് ചെയ്തു. കേസിലെ മറ്റ് പ്രതികളെയും ആക്രമണത്തിനായി ക്വട്ടേഷൻ നൽകിയ നെയ്യാറ്റിൻകര സ്വദേശിയേയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.