സ്ഥലം തമ്പാനൂരിലെ ഹോട്ടൽ ഹൈലാൻറ്.... തിരുനെൽവേലിയിൽ നിന്ന് പുറപ്പെട്ട ഒരു ടാക്സി ആ ഹോട്ടലിന് മുന്നിലെത്തി. ടിപ് ടോപ്പായി വേഷം ധരിച്ച ഒരു മാന്യൻ ഗൗരവത്തിൽ പുറത്തിറങ്ങി റിസപ്ഷനിലേക്ക്... ആധാർ കാർഡ് കൊടുത്ത ശേഷം എൻറെ പേര് സഞ്ജയ് വർമ്മ, ആം എ ഡോക്ടർ എന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തി.  

പുള്ളി പെട്ടെന്ന് റിസപ്ഷനിലുള്ളവരുമായി കമ്പനിയായി. ഹോട്ടൽ പേയ്മെൻറ് ഗൂഗിൾ പേയിൽ ഇടാമെന്ന് പറഞ്ഞ് ഒരു റിസപ്ഷനിസ്റ്റിൻറെ ജിപേ നമ്പരും വാങ്ങി. പെട്ടെന്ന് പുറത്തെത്തി ടാക്സി ഡ്രൈവറായ വേലായുധനെ വിളിച്ചു. ഡോ... എനിക്ക് വേഗം പോണം, മെഡിക്കൽ കോളജിൽ ഒരു അടിയന്തര ശസ്ത്രക്രിയയുണ്ട്... ഇതുകേട്ടപാടേ ടാക്സി ഡ്രൈവർ വേലായുധൻ തിടുക്കത്തിൽ വണ്ടിയെടുത്തു. അങ്ങനെ ഇരുവരും മെഡി കോളജിലേക്ക് പുറപ്പെട്ടു.. 

കാറിന്റെ ബേക്ക് സീറ്റിലിരിക്കവേ, ഗൗരവം വിടാതെ ടാക്സിക്കാരനോട് ഒരു ചോദ്യമെറിഞ്ഞു. ഡോ തന്റെ അക്കൗണ്ടിൽ പണം ഉണ്ടാവുമോ?. അത്യാവശ്യമായി ഒരു ബന്ധുവിന് കുറച്ച് പണം ​ഗൂ​ഗിൾ പേ ചെയ്യണം. അങ്ങനെ ബന്ധുവിന്റെ ​ഗൂ​ഗിൾ പേ നമ്പറാണെന്ന് പറഞ്ഞ് ഹോട്ടലിലെ റിസപ്ഷനിലെ ജീവനക്കാരൻറെ നമ്പരിലേക്ക് ഡ്രൈവർ വേലായുധനെക്കൊണ്ട് 10000 രൂപ സെൻഡ് ചെയ്യിച്ചു. ശേഷം കൈവശമുള്ള കള്ളനോട്ടിൽ നിന്നും 10000 രൂപ ലിക്വിഡ് മണി ടാക്സിക്കാരന് നൽകി. 

മെഡി. കോളജ് ഭാഗത്ത് വെച്ച് ടാക്സിയിൽ നിന്നിറങ്ങി ബാക്കി പണവും സെറ്റിൽ ചെയ്ത് ടാക്സിക്കാരനെ പറഞ്ഞയച്ചു. ഇതിനിടെ ഒരു പണിഒപ്പിച്ചു ഈ ശസ്ത്രക്രിയ വിദ​ഗ്ധൻ. കാറിൽ നിന്ന് ടാക്സിക്കാരൻറെ മൊബൈൽ തന്ത്രപൂർവം അടിച്ചുമാറ്റിയ ശേഷം, നേരത്തേ മോഷ്ടിച്ച് കൈയ്യിൽ കരുതിയിരുന്ന മറ്റൊരു ഫോൺ കാറിൽ വയ്ച്ചു. ഡ്രൈവർക്ക് താൻ പറ്റിക്കപ്പെട്ടു എന്ന് ബോധ്യമായാലും പെട്ടെന്ന് ആരെയും കോൺടാക്റ്റ് ചെയ്യാതിരിക്കാനാണ് മൊബൈൽ പൊക്കുന്നത്.  

ശേഷം ഒരു ഓട്ടോറിക്ഷ വിളിച്ച് നേരെ ഹോട്ടൽ ഹൈലാൻറിൽ തിരിച്ചെത്തി. റിസപ്ഷനിൽ പോയി ഒരു അർജൻറ് കേസുണ്ട്, റൂം വേണ്ട എന്ന് പറഞ്ഞ് ഗൂഗിൾ പേ ചെയ്ത 10000 രൂപാ റിസപ്ഷനിൽ നിന്ന് വാങ്ങി ഒറ്റമുങ്ങലാണ്. അയാൾ പിറ്റേന്ന് പൊങ്ങുന്നത് മെഡി കോളജിനടുത്താണ്. അവിടത്തെ ജെപി റെസിഡൻറ്സിയിൽ പോയി ഒരു റൂമെടുത്തു. അവിടെയും കൊടുത്തു 2500 രൂപാ കള്ള നോട്ട്. അവിടെ ഒരുദിവസം സ്റ്റേ ചെയ്ത ശേഷം ഊബർ വഴി ടാക്സി വിളിച്ച് കഴക്കൂട്ടത്തെ ബാറിലേക്ക്... ഡ്രൈവറുമായി എളുപ്പത്തിൽ കമ്പനിയായി, ബാറിലെത്തിയതോടെ ഒരുമിച്ച് മദ്യപിക്കാനായി ഡ്രൈവറെ ക്ഷണിച്ചു.. ഫ്രീയായി രണ്ടെണ്ണം അടിക്കാല്ലോന്ന് കരുതി, അയാൾ ഒകെ പറഞ്ഞു. 

കുടിക്കുന്നതിനിടെ ടിപ്പ് തരാമെന്നോ മറ്റോ പറഞ്ഞ്, ബാറിലെ ഒരു പ്രധാന ജീവനക്കാരന്റെ ഗൂഗിൾ പേ നമ്പർ വാങ്ങി. 

പഴയ അടവ് വീണ്ടും പുറത്തെടുത്തു.. ബന്ധുവിന് പണത്തിന് കുറച്ച് അർജൻറെന്ന് തെറ്റിധരിപ്പിച്ച് ആ ടാക്സി ഡ്രൈവറെ കൊണ്ട് 15000 രൂപ ആ ബാറിലെ ജീവനക്കാരൻറെ ഗൂഗിൾ പേയിലേക്ക് ഇടീച്ചു. അതിന് പകരമായി അപ്പോൾ തന്നെ ടാക്സിക്കാരനും കൊടുത്തു 15000 രൂപയുടെ കള്ളനോട്ട്. ബാറിൽ നിന്നിറങ്ങി ടാക്സി ഡ്രൈവറെ പുറത്ത് നിർത്തി അയാൾ ഒറ്റക്ക് ബാറിലേക്ക് പോയി, ഗൂഗിൾ പേ നമ്പർ വാങ്ങിയ ജീവനക്കാരനെ കണ്ട് 15000 അക്കൗണ്ടിൽ വന്നതിൽ 2000 രൂപാ ബിൽ ഒഴികെ ബാക്കി 13000 രൂപാ ലിക്വിഡ് മണി കൈയ്യിൽ വാങ്ങി. പിന്നീട് ടാക്സിക്കാരനെ യാത്രാക്കൂലി കൊടുത്ത് ഒഴിവാക്കി.  

മിക്കവാറും ഊബർ, ഓല ടാക്സിക്കാരാണ് പുള്ളിയുടെ സ്ഥിരം ഇര. കൈയ്യിലുള്ളത് കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞ 2 ടാക്സി ഡ്രൈവർമാരും, പൊലീസ് സ്റ്റേഷനിലെത്തി പരാതി കൊടുത്തു. അങ്ങനെ തമ്പാനൂർ പൊലീസെത്തി ഇയാൾ താമസിച്ചിരുന്ന ജെപി റെസിഡൻസിയിൽ നിന്ന് സിസിടിവി വിഷ്വലും, മൊബൈൽ നമ്പരും ഇവൻറെ ഡീറ്റയിൽസുമെടുത്തു. 

തമ്പാനൂർ സി.ഐ വി.എം ശ്രീകുമാർ ഈ വിരുതൻറെ അടുത്ത ടാക്സി ബുക്കിങ് സ്റ്റാറ്റസെടുത്തു. പിന്നാലെ കിംസ് ഭാഗത്തെ സിസിടിവി വിഷ്വലെടുത്ത് ഇവൻ പോകുന്ന ടാക്സി നമ്പർ ഐഡൻറിഫൈ ചെയ്തു. അങ്ങനെ അവനറിയാതെ തമ്പാനൂർ പൊലീസും പിന്നാലെ നീങ്ങി. ഇതേസമയം തന്നെ ഇവനെ തമിഴ്നാട് പൊലീസും തിരക്കിയിറങ്ങിയിരുന്നു. അവർ ഇയാൾ യാത്രയ്ക്കായി ബുക്ക് ചെയ്ത ടാക്സി ഡ്രൈവറുടെ നമ്പർ ബുക്കിങ് ആപ്പുവഴി ഒപ്പിച്ചിരുന്നു. അങ്ങനെ കേരള പൊലീസും തമിഴ്നാട് പൊലീസും ഒരേ സമയം ഈ വിരുതന് പിന്നാലെ പാഞ്ഞു.. ചാക്കയിൽ വെച്ച് തമിഴ്നാട് പൊലീസ് ഇവൻ പോകുന്ന കാറിൻറെ ഡ്രൈവറെ ഫോൺ വിളിച്ചു. അവിടെയാണ് പിഴച്ചത്. ഡ്രൈവർ ഫോണിൽ സംസാരിക്കുന്നത് കേട്ട ഇവൻ അപകടം മണത്തു. ഉടൻ കാർ നിർത്താൻ ആവശ്യപ്പെട്ടു. കാറിൽ നിന്നിറങ്ങി കിട്ടിയ ഓട്ടോയിൽ കയറി വീണ്ടും ഒറ്റമുങ്ങൽ. തമിഴ്നാട് പൊലീസും കേരള പൊലീസും വെള്ളം തിളപ്പിച്ച് വെച്ചത് വെറുതെയായി. അതോടുകൂടി തമ്പാനൂർ സി.ഐ വി.എം ശ്രീകുമാർ ഒരു തീരുമാനമെടുത്തു.. ഇവനെ പൊക്കിയിട്ടേയുള്ളൂ ബാക്കിക്കാര്യം. 

കേരള പൊലീസ് ഇവൻറെ അടുത്ത ഹോട്ടൽ ബുക്കിങ് ലൊക്കേഷൻ നോക്കിയപ്പോൾ ഗോവ! ഗോവയുടെ കാസിനോവകളിൽ ചൂതാട്ടം നടത്തുകയാണ് പുള്ളിയുടെ ലക്ഷ്യം, അല്ലാതെ അല്ലറ ചില്ലറ ചുറ്റിക്കളികളും.. അങ്ങനെ കഴക്കൂട്ടം സൈബർ സിറ്റി എസിപിയുടെ ടീം നേരേ ഗോവയിലേക്ക് പുറപ്പെട്ടു. എന്നാൽ പൊലീസ് അവിടെ എത്തുമ്പോഴേക്കും അവൻ പണികഴിഞ്ഞ് ചെന്നൈയിലെത്തിയിരുന്നു. പൊലീസ് അവിടെ നിന്ന് നേരെ ചെന്നൈയിലേക്ക് പോയെങ്കിലും ഇത്തവണയും വലയിൽ കുരുക്കാനായില്ല. വീണ്ടും ജസ്റ്റ് എസ്കേപ്ഡ്! ഇവന്റെ താമസമെല്ലാം ആഡംബര ഹോട്ടലുകളിലാണ്, സഞ്ചാരം മൊത്തം വിവിധ ടാക്സികളിലും... വഴുതിപ്പോയാൽ പിന്നെ കിട്ടാൻ ഏറെ പണിപ്പെടണം. 

തമ്പാനൂർ സിഐ കുറച്ച് ദിവസം ക്ഷമയോടെ കാത്തിരുന്നു. അപ്പോഴതാ നിർണയക വിവരം കിട്ടുന്നു. ട്രീബോ എന്ന ബുക്കിംഗ് ആപ് വഴി കൊച്ചിയിലെ ഒരു ആഡംബര ഹോട്ടലിലിലുണ്ട് കക്ഷി. ട്രീബോ ആപ്പിലൂടെ തന്നെ വൈകിട്ട് 4 മണിക്ക് പുതിയൊരു ടാക്സി ബുക്ക് ചെയ്തിരിക്കുന്നു ടിയാൻ. അങ്ങനെ അപ്പ് വഴി ബുക്ക് ചെയ്ത ആ ടാക്സിക്ക് പകരം, കേരള പൊലീസ് തമ്പാനൂരിൽ നിന്ന് ഡമ്മി ടാക്സിയെയും വേറെ ഡ്രൈവറെയും സെറ്റാക്കി. തമ്പാനൂർ പൊലീസിൻറെ നിർദേശപ്രകാരം കൊച്ചി പൊലീസും കടവന്ത്ര സ്ക്വാഡ് ടീമും ഇവനെ പിടിക്കാനായി സജ്ജരായി നിന്നു. എവിടെ നിന്നാണെന്നറിയില്ല ഈ വിവരങ്ങളൊക്കെ ഇവന് ചോർന്ന് കിട്ടുന്നത്. അപകടം മണത്തതോടെ വീണ്ടും ഒറ്റമുങ്ങൽ! 

തമ്പാനൂർ പൊലീസ് ട്രീബോ ആപ്പ് കൃത്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇവൻ കന്യാകുമാരിയിലെ ഉമയൽ ഹോംസ്റ്റേയിലുണ്ടെന്ന നിർണായക വിവരം ലഭിക്കുന്നു. രാത്രി 11 മണിയോടെ തമ്പാനൂർ സിഐ ശ്രീകുമാർ, എഎസ്ഐ നാസർ, എസ്ഐ വിനോദ്, സിപിഓമാരായ വിഷ്ണു, സാം ജോസ് എന്നിവരടങ്ങിയ സംഘം കന്യാകുമാരിയിലേക്ക് തിരിച്ചു. വിവേകാനന്ദപുരത്തെ ഉയമൽ ഹോസ്റ്റേയിലെത്തി ഉള്ളിൽ കയറി കക്ഷിയെ കൈയ്യോടെ പൊക്കി. ബാഗിലുണ്ടായിരുന്നത് മാല, വള, 4 മൊബൈൽ ഫോണുകൾ, നിരവധി സിമ്മുകൾ, പിന്നെ 20000 രൂപയും.. അതിൽ പകുതിയും കള്ളനോട്ട്... 

തമ്പാനൂർ പൊലീസ് ഇവനെ  പിടികൂടിയതോടെ, കോയമ്പത്തൂർ, ട്രിച്ചി, കോടമ്പാക്കം എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളിൽ നിന്നും വിളിയോട് വിളി.. എല്ലാവരും ഇവന് പിന്നാലെയുണ്ടായിരുന്നുവെന്ന് അർഥം. വല്ലാത്തൊരു കള്ളനാണിയാൾ.. ഒരിടത്തുനിന്ന് മോഷ്ടിച്ച മൊബൈൽഫോൺ അടുത്ത ടാക്സിയിൽ ഉപേക്ഷിക്കും. പകരം ആ ടാക്സിക്കാരൻറെ ഫോൺ അടിച്ചുമാറ്റി വേറെ ടാക്സിയിൽ ഉപേക്ഷിക്കും. പൊലീസിനെ പറ്റിക്കാനായി ഓൺലൈൻ ടാക്സി ബുക്ക് ചെയ്തിട്ട്,​ മറ്റൊന്നിൽ യാത്ര തുടരും. പൊലീസ് പിന്തുടരാതിരിക്കാനുള്ള എല്ലാ തന്ത്രവും അവൻ പയറ്റും.. എന്തായാലും ട്രീബോ എന്ന ബുക്കിംഗ് ആപാണ് ഇവന് വിനയായതും പൊലീസിന് ​ഗുണമായതും.

കള്ളനോട്ട് കേസിൽ 2022ൽ തലശ്ശേരിയിൽ അറസ്റ്റിലായിട്ടുണ്ട് ഈ മഹാൻ. ആ കേസിൽ ജയിലിൽ നിന്നിറങ്ങിയശേഷമാണ് തിരുവനന്തപുരത്തും, എറണാകുളത്തും, കന്യാകുമാരിയിലുമെല്ലാം തട്ടിപ്പ് നടത്തിയത്. 

ഇവൻ വലയിലായ ഉടൻ കോയമ്പത്തൂരിൽ നിന്നും തീവ്രവാ​ദ വിരുദ്ധ സ്ക്വാഡിന്റെയും ഫോണെത്തി. കള്ളനോട്ട് അടിച്ച് പുറത്തിറക്കി എത്രയോ വർഷമായി രാജ്യ​ദ്രോഹക്കുറ്റം ചെയ്തുകൊണ്ടിരിക്കുകയാണ് കക്ഷി. 

യാത്ര ഒറ്റയ്ക്ക്, മോഷണം ഒറ്റയ്ക്ക്, ജീവിതവും ഒറ്റയ്ക്ക്.. അതേ.. ഒരൊറ്റയാൻ തന്നെ,  പറയാനായി അടുത്ത ബന്ധുക്കളാരുമില്ല. തനിക്ക് 6 മാസമുള്ളപ്പോൾ അച്ഛനും അമ്മയും മരിച്ചവെന്നാണ് അവൻ പൊലീസിനോട് പറയുന്നത്. ഇവന്റെ കാൾ ഡീറ്റയിൽസെടുത്താൽ പോലും ഒരു തുമ്പും കിട്ടില്ല, ബുക്കിങ് ആപ്പുകളുമായി ബന്ധപ്പെട്ട ആളുകളെയും,  ടാക്സി ഡ്രൈവർമാരെയും മാത്രമേ കക്ഷി വിളിക്കാറുള്ളൂ.. 

കള്ള നോട്ട് പ്രിന്റ് ചെയ്യുന്നതല്ല തന്റെ രീതിയെന്നാണ് ഇവൻ പൊലീസിനോട് പറഞ്ഞത്. ഫോട്ടോ കോപ്പിയർ മെഷീൻ വെച്ച് 50000 രൂപയ്ക്ക് തുല്യമായ 500ന്റെ നോട്ടുകളുണ്ടാക്കിയാണ് ഇവൻ സർക്കുലേറ്റ് ചെയ്യുന്നത്. തെളിവ് നശിപ്പിക്കാനായി ഒറ്റത്തവണ ഉപയോ​ഗത്തിന് ശേഷം ആ മെഷീൻ നശിപ്പിച്ച് കളയാറാണ് പതിവ്. ഇത് സഞ്ജയ് തന്നെ പറയുന്ന കാര്യമാണ്. യാഥാർഥ്യം എന്താണെന്ന് ആർക്കറിയാം... എന്തായാലും പരാക്രമങ്ങൾക്കൊടുവിൽ കക്ഷിയെ തൂക്കിതിന്റെ ക്രെഡിറ്റ് തമ്പാനൂർ പൊലീസിനിരിക്കട്ടേ... 

ENGLISH SUMMARY:

Google Pay thief who cheats on taxi drivers