സ്വന്തം സഹോദരനെ കൊലപ്പെടുത്തിയ കാപ്പാ കേസ് പ്രതി, യുവാവിനെ അക്രമിച്ച സംഭവത്തിൽ വീണ്ടും അറസ്റ്റിൽ. ചിലവന്നൂർ കോർപ്പറേഷൻ കോളനി കളങ്ങരത്തറ വീട്ടിൽ സുനീഷാണ് (28) പിടിയിലായത്. സുനീഷിനെ 29.08.24 മുതൽ 6 മാസക്കാലത്തേക്ക് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ അധികാര പരിധിയിൽ നിന്ന് കാപ്പ ചുമത്തി നാടു കടത്തിയിരുന്നു.
എന്നാൽ പ്രതി കഴിഞ്ഞ മാസം 27ാം തീയതി കുമ്പളത്തെ ഒരു വീട്ടിൽ കയറി ചന്തു എന്ന യുവാവിനെ അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ഇയാൾ കടന്നു കളഞ്ഞു. പ്രതിക്കെതിരെ പനങ്ങാട് പൊലീസ് സ്റ്റേഷനിൽ നരഹത്യാശ്രമത്തിനും, കാപ്പ വിലക്ക് ലംഘിച്ചതിനുമായി രണ്ട് കേസ്സുകൾ രജിസ്റ്റർ ചെയ്തിരുന്നു.
ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ എറണാകുളം അസി. പൊലീസ് കമ്മീഷണർ പി രാജ് കുമാറിന്റെ നേതൃത്വത്തിലാണ് മാൻവെട്ടത്തുവെച്ച് പിടികൂടിയത്. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരുടെ കൂടി സഹായത്തോടെയാണ് കീഴ്പ്പെടുത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.