പട്ടാമ്പിയിൽ വിൽപ്പനയ്ക്കെത്തിച്ച അഞ്ച് ഗ്രാമിലേറെ എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റില്‍. കാരക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് മുഹമ്മദ് ഷാഫി, മുഹമ്മദ് മുസ്തഫ എന്നിവരെ പട്ടാമ്പി പൊലീസ് പിടികൂടിയത്.
കാരക്കാട് കേന്ദ്രീകരിച്ച് നടക്കുന്ന രാസലഹരി വിൽപ്പനയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതെത്തുടര്‍ന്ന് ഏറെ നാളായി സ്റ്റേഷന്‍ പരിസരം പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിനിടയിലാണ് അസ്വാഭാവികമായി യുവാക്കളെ സ്റ്റേഷന്‍ പരിസരത്ത് കണ്ടത്.
പരിശോധനയില്‍ വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന 5.62 ഗ്രാം എം.ഡി.എം.എ ഇരുവരില്‍ നിന്നും കണ്ടെടുത്തു. ഫോണില്‍ ഇടപാടുറപ്പിച്ചിരുന്നവരെ ലക്ഷ്യമിട്ട് വില്‍പനയ്ക്കെത്തിച്ച ലഹരിയെന്നാണ് പൊലീസ് പറയുന്നത്.
യുവാക്കള്‍ പതിവായി ലഹരി കൈമാറിയിരുന്നവരെക്കുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ മുഹമ്മദ് ഷാഫിയെയും, മുഹമ്മദ് മുസ്തഫയെയും റിമാന്‍ഡ് ചെയ്തു. നടപടികള്‍ക്ക് ശേഷം ഇരുവരെയും ഒറ്റപ്പാലം സബ് ജയിലിലേക്ക് മാറ്റി.