കൊല്ലത്ത് 3 കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പൊലീസിന്‍റെ പിടിയിലായി. അസമിലെ മോറിഗാവ് ജില്ലയില്‍ പുലാദൂരി സ്വദേശി അഷറഫ് (34) ആണ് കൊല്ലം ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്.
ഇന്ന് ഉച്ചയ്ക്ക് 1.30ഓടെ കാവനാട് ആല്‍ത്തറമൂട് ജംഗ്ഷനില്‍ വെച്ചാണ് പ്രതി കുടുങ്ങിയത്. ശക്തികുളങ്ങര പൊലീസ് ആല്‍ത്തറമൂട് ജംഗ്ഷനില്‍ വാഹന പരിശോധന നടത്തവേ ഇത് വഴി വന്ന ഓട്ടോറിക്ഷയെ തടഞ്ഞു. വാഹനം പരിശോധിക്കാവേയാണ് യാത്രക്കാരനായ അതിഥി തൊഴിലാളി സംശയാസ്പദമായി പെരുമാറുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് 3 കിലോ കഞ്ചാവ് കണ്ടെത്തിയത്. കൊല്ലം ശക്തികുളങ്ങര പൊലീസ് ഇന്‍സ്പെക്ടര്‍ രതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.