മലപ്പുറം പൊന്നാനിയിൽ പ്രവാസിയുടെ വീട്ടിൽ നിന്ന് കവർച്ച പോയ 550 പവൻ സ്വർണത്തിൽ 438 പവൻ സ്വർണവും 29 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. പിടിയിലായ പ്രിതികളെ കസ്റ്റഡിയിൽ വാങ്ങിയാണ് അന്വേഷണം ആരംഭിച്ചത്. പാലക്കാട് കൊഴിഞ്ഞാമ്പാറയിലുള്ള ഒരാൾക്ക് സ്വർണ്ണം വിൽക്കാൻ നൽകിയിട്ടുണ്ടെന്നാണ് പ്രതികൾ ആദ്യം പറഞ്ഞത്. ആളെ കണ്ടെത്തി ചോദ്യം ചെയ്തതോടെ പ്രതികൾ നൽകിയ വിവരം കളവാണെന്ന് പൊലീസിന് ബോധ്യമായി. 

തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ തമിഴ്നാടുകാരായ രണ്ടുപേർക്കാണ് നൽകിയത് എന്നായിരുന്നു പറഞ്ഞത്. പ്രതികളുടെ മൊഴി പൊലീസിനെ കബളിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ഇതോടെ പൊലീസ് ചോദ്യം ചെയ്യലിന്റെ രീതി മാറ്റി. ശാസ്ത്രീയമായ ചോദ്യം ചെയ്യലിനൊടുവിലാണ് സുഹൈലിന്റെ ഭാര്യ വീടിന്റെ തൊടിയിൽ സ്വർണ്ണവും പണവും കുഴിച്ചിട്ടതായി പ്രതികൾ സമ്മതിച്ചത്. മോഷണം മുതൽ കണ്ടെത്താനായില്ലെങ്കിൽ വേഗം ജാമ്യത്തിൽ ഇറങ്ങാം എന്ന പ്രതീക്ഷയിൽ ആയിരുന്നു പ്രതികൾ. ജയിലിൽ നിന്നിറങ്ങി മോഷണ മുതൽ വിറ്റ് പണമാക്കാൻ ആയിരുന്നു പദ്ധതി.  

ENGLISH SUMMARY:

In Malappuram's Ponnani, the police recovered 438 sovereigns of gold and ₹29 lakh from the 550 sovereigns of gold stolen from an expatriate's house.