വർധിക്കുന്ന റോഡ് അപകടങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള സംയുക്ത പരിശോധനയ്ക്ക് ആലപ്പുഴയിൽ തുടക്കം. മോട്ടോർ വാഹന വകുപ്പും പൊലീസും ഒന്നിച്ചാണ് ആദ്യഘടത്തിൽ പരിശോധനയും ബോധവൽക്കരണവും നടത്തുന്നത്. അലപ്പുഴ -ചങ്ങനാശേരി റോഡിൽ തുടങ്ങിയ പരിശോധ മറ്റു താലൂക്കുകളിലും തുടർന്ന് നടത്തും.
ആദ്യഘട്ടത്തിൽ രേഖകളുടെ പരിശോധനയും ഉപദേശവും റോഡ് നിയമങ്ങൾ പാലിക്കാനുള്ള നിർദ്ദേശങ്ങളും ഒരൽപം താക്കീതും മാത്രം. എ സി റോഡിലെ കെ.എസ്.ആർടിസി ബസുകളും പരിശോധനയ്ക്ക് വിധേയമായി. ഡ്രൈവർക്കും കണ്ടക്ടർക്കും വേണ്ട നിർദ്ദേശങ്ങൾ നൽകി യാത്രക്കാരെ അധികം ബുദ്ധിമുട്ടിക്കാതെ വാഹനം കടത്തിവിട്ടു. ആലപ്പുഴ ജില്ലയിൽ എ.സി റോഡിലായിരുന്നു ആദ്യ സംയുക്ത പരിശോധന.
ആദ്യഘട്ടം പരിശോധന മൃദുഭാവത്തിൽ ആണെങ്കിൽ രണ്ടാം ഘട്ടം പരിശോധന കടുപ്പിക്കും. നിയമങ്ങൾ പാലിക്കാതെ കടന്നു പോയ വാഹനങ്ങളുടെ നമ്പർ രേഖപ്പെടുത്തി താക്കീത് നൽകി. വീണ്ടും തെറ്റ് ആവർത്തിച്ചാൽ വൻതുക പിഴ ഈടാക്കുമെന്ന മുന്നറിയിപ്പും നൽകി.
അടുത്ത കാലത്തുണ്ടായ ഒട്ടുമിക്ക അപകടങ്ങൾക്കും കാരണം ഡ്രൈവർ മാരുടെ പിഴവുകൾ ആണെന്നുള്ള നിഗമനത്തിലാണ് മോട്ടോർ വാഹനവകുപ്പും പൊലീസും. ഡ്രൈവിങ്ങിലെ മികവില്ലായ്മ ,അമിത ആത്മവിശ്വാസം,അമിതവേഗത ,മദ്യപിച്ച് വാഹനം ഓടിക്കൽ , ഡ്രൈവിങ്ങിനിടെമൊബൈൽ ഫോൺ ഉപയോഗം ഉറക്കമൊഴിച്ചുള്ള ഡ്രൈവിംഗ് ഇവയാണ് അപകടങ്ങളുടെ പ്രധാന കാരണങ്ങളായി കണ്ടെത്തിയത്.