അല്ലു അര്‍ജുന്‍ സിനിമ 'പുഷ്പ'യിലെ വൈറല്‍ ഡയലോഗായിരുന്നു 'പുഷ്പ ഫ്ലവര്‍ അല്ല, ഫയറാടാ' എന്നത്. പുഷ്പ 2 കലക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് പ്രദര്‍ശനം തുടരുകയുമാണ്. അതിനിടയിലാണ് നാഗ്പുര്‍ പൊലീസിന്‍റെ മാസ് പ്രകടനം. അതും പുഷ്പ 2വിന്‍റെ സ്ക്രീനിങിനിടെ. വ്യാഴാഴ്ച നാഗ്പുരിലെ പ്രശസ്ത തിയേറ്ററില്‍ സെക്കന്‍ഡ് ഷോ കണ്ടുകൊണ്ടിരുന്ന ഗുണ്ടാത്തലവനെ പൊലീസ് 'പുഷ്പം' പോലെ പൊക്കുകയായിരുന്നു. രണ്ട് കൊലക്കേസുള്‍പ്പടെ 27 കേസുകളില്‍ പ്രതിയായ വിശാല്‍ മേഷ്റാമാണ് അറസ്റ്റിലായത്. 

10 മാസമായി ഒളിവില്‍ കഴിയുകയായിരുന്ന വിശാലിന് പിന്നാലെയായിരുന്നു പൊലീസ് സംഘം.  ഇതിനിടെയാണ് പുഷ്പ 2 കാണാന്‍ വിശാല്‍ എത്തുമെന്ന വിവരം കിട്ടിയത്. തിയറ്ററിലെത്തിയ പൊലീസ് സംഘം ഗുണ്ടാത്തലവന്‍റെ കാര്‍ തിരിച്ചറിഞ്ഞു. ഏതെങ്കിലും കാരണവശാല്‍ വിശാല്‍ ഇറങ്ങിയോടി കാറില്‍ കയറി രക്ഷപെടാതിരിക്കാന്‍  ടയറുകളിലെ കാറ്റും പൊലീസ് ഊരിവിട്ടു. 

സിനിമ ക്ലൈമാക്സിലെത്തിയപ്പോള്‍ പൊലീസ് സംഘം തിയേറ്ററിലേക്ക് ഇരച്ചുകയറുകയായിരുന്നു. പരിഭ്രാന്തരായ പ്രേക്ഷകരോട് പേടിക്കേണ്ടെന്നും അല്‍പ്പസമയത്തിനുള്ളില്‍ സ്ക്രീനിങ് തുടരുമെന്നും വ്യക്തമാക്കി. പൊലീസിനെ കണ്ടതും വിശാല്‍ എതിര്‍പ്പ് പ്രകടിപ്പിക്കാതെ എഴുന്നേറ്റു. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ  പൊലീസ് സ്ഥലം വിടുകയും ചെയ്തു. വിശാലിനെ നാഗ്പുര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഇവിടെ നിന്നും നാസികിലേക്ക് മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

ENGLISH SUMMARY:

Wanted Drug Smuggler Arrested During Pushpa 2 Movie Screening In Nagpur.